ഓസ്ട്രേലിയന്‍ ഓൾ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയും ഇക്കൂട്ടത്തില്‍ പരിഗണിക്കാവുന്നതാണെന്നും മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നവര്‍ ഇവരാണെന്നും വില്യംസണ്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
വെല്ലിംഗ്‌ടണ്‍: വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ടെസ്റ്റ് ക്രിക്കറ്റിനെ ഒരു പതിറ്റാണ്ട് കാലത്തോളം കാല്‍ക്കിഴിലാക്കിയ നാല്‍വര്‍ സംഘം. സമകാലീന ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവരില്‍ വിരാട് കോലി കഴിഞ്ഞ മാസം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്തും വില്യംസണും കരിയറിന്‍റെ അവസാന ലാപ്പിലാണ്. ജോ റൂട്ട് ആകട്ടെ മിന്നും ഫോമിലാണെങ്കിലും കരിയറിന്‍റെ അവസാന ഘട്ടത്തോട് അടുക്കുകയാണ്.
ഈ സാഹചര്യത്തില്‍ ലോക ക്രിക്കറ്റിനെ അടുത്ത ദശകത്തില്‍ ഭരിക്കാന്‍ പോകുന്നവര്‍ ആരൊക്കെയാകുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടാകും. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ തന്നെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. വില്യംസണ്‍ തെരഞ്ഞടുത്ത അടുത്ത ഫാബുലസ് ഫോറില്‍ രണ്ട് ഇന്ത്യൻ താരങ്ങളുമുണ്ടെന്നതാണ് ശ്രദ്ധേയം.
ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍, ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്, ന്യൂസിലന്‍ഡ് താരം രച്ചിന്‍ രവീന്ദ്ര എന്നിവരെയാണ് വില്യംസണ്‍ അടുത്ത ഫാബ് ഫോറായി തെരഞ്ഞെടുത്തത്. ഓസ്ട്രേലിയന്‍ ഓൾ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയും ഇക്കൂട്ടത്തില്‍ പരിഗണിക്കാവുന്നതാണെന്നും മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നവര്‍ ഇവരാണെന്നും വില്യംസണ്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
അടുത്തിടെ നിലവിലെ ഫാബ് ഫോറിലെ ഏറ്റവും മികച്ച ബാറ്റര്‍ വിരാട് കോലിയാണെന്ന് ദക്ഷിണാഫ്രിക്കൻ മുന്‍ താരം ഡാരില്‍ കള്ളിനൻ പറഞ്ഞിരുന്നു. സ്റ്റീവ് സ്മിത്തിനോടും ജോ റൂട്ടിനോടും കെയ്ൻ വില്യംസണോടുമുള്ള എല്ലാ ആദരവും വെച്ചാണ് താനിത് പറയുന്നതെന്നും മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടി എന്നത് മാത്രമല്ല, ക്യാപ്റ്റന്‍റെ ഉത്തരവാദിത്തവും പ്രതീക്ഷകളുടെ ഭാരവും കണക്കിലെടുത്താണ് താനിത് പറയുന്നതെന്നും കള്ളിനന്‍ പറഞ്ഞിരുന്നു.


