ദക്ഷിണാഫ്രിക്കയുടെ റൺസ് പ്രതീക്ഷ ടെംബ ബാവുമ, എയ്ഡൻ മാർക്രം, റിയാൻ റിക്കിൾടൺ, വിയാൻ മുൾഡർ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം എന്നിവരുടെ ബാറ്റുകളിലാണ്.
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരാട്ടത്തിന് ഇന്ന് ലോർഡ്സിൽ തുടക്കമാവും. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയെണ് കിരീടപ്പോരില്‍ നേരിടുക. വൈകിട്ട് മൂന്നിനാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. ടെസ്റ്റ് ക്രിക്കറ്റിലെ പരമോന്നത കിരീടത്തിനായി പാറ്റ് കമ്മിൻസിന്‍റെ ഓസീസും ടെംബ ബാവുമയുടെ പ്രോട്ടീസും പോരിനിറങ്ങുമ്പോള്‍ ആവേശപ്പോരാട്ടത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
സമകാലീന ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയുമായാണ് ഓസീസ് ഫൈനല്‍ പോരിനിറങ്ങുന്നത്. നായകന്‍ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവരാണ് ഓസീസ് പേസ് പടയെ നയിക്കുന്നത്. മറുവശത്ത് ഓസീസിന് മറുപടി നൽകാൻ ലുംഗി എൻഗിഡിയും കാഗിസോ റബാഡയും മാർകോ യാൻസനുമാണുളളത്. നേഥൻ ലിയോണിന്‍റെ സ്പിൻ മികവിന് ദക്ഷിണാഫ്രിക്കയുടെ മറുപടി കേശവ് മഹാരാജിലൂടെയാവും.
പിച്ച് സ്പിന്നിനെ തുണക്കുമെന്ന വിലയിരുത്തലുള്ളതിനാല്‍ ഇരുവരുടേയും പന്തുകൾ ഫൈനലിന്‍റെ ഗതിനിശ്ചയിക്കുന്നതിൽ നിർണായകമാവും. ഉസ്മാൻ ഖവാജയ്ക്കൊപ്പം മാർനസ് ലബുഷെയ്ൻ ഓപ്പണറുടെ റോളിലേക്ക് മാറുമ്പോൾ കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റർ, അലക്സ് ക്യാരി എന്നിവർ ഓസീസ് ബാറ്റിംഗ് നിരയിലെത്തും.
ദക്ഷിണാഫ്രിക്കയുടെ റൺസ് പ്രതീക്ഷ ടെംബ ബാവുമ, എയ്ഡൻ മാർക്രം, റിയാൻ റിക്കിൾടൺ, വിയാൻ മുൾഡർ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം എന്നിവരുടെ ബാറ്റുകളിലാണ്. ലോർഡ്സിൽ ഓസ്ട്രേലിയ കളിച്ച 40 ടെസ്റ്റുകളിൽ 18 എണ്ണത്തില്‍ ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങളില്‍ തോറ്റു. 15 മത്സരം സമനിലയായി. ദക്ഷിണാഫ്രിക്ക ലോർഡ്സിൽ കളിച്ചത് 18 ടെസ്റ്റിൽ. ആറ് ജയം. എട്ട് തോൽവി, നാല് സമനില എന്നിങ്ങനെയാണ് കണക്കുകള്‍.


