ഇന്നിംഗ്സ് ജയത്തോടെ ആറ് പോയിന്‍റ് സ്വന്തമാക്കിയ കേരളം രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 7 പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡിഷക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം. 179 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ഒഡിഷ നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 143 റണ്‍സിന് ഓള്‍ ഔട്ടായി. നാല് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ ഒഡിഷയെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കറക്കി വീഴ്ത്തിയത്. കേരളത്തിനായി ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളത്തിന്‍റെ സീസണിലെ ആദ്യ ജയമാണിത്.

ഇന്നിംഗ്സ് ജയത്തോടെ ആറ് പോയിന്‍റ് സ്വന്തമാക്കിയ കേരളം രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 7 പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളും ജയിച്ച് 12 പോയിന്‍റുമായി ബംഗാള്‍ ഒന്നാമതും നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള ഗുജറാത്ത് 7 പോയിന്‍റുമായി കേരളത്തിന് മുന്നില്‍ രണ്ടാമതുമാണ്. സ്കോര്‍ കേരളം 404, ഒഡിഷ 225, 143. 26ന് ബംഗാളിനെതിരെ തിരിുവനന്തപുരത്താണ് കേരളത്തിന്‍റെ അടുത്ത മത്സരം.

നാല് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ ഒഡിഷക്ക് 10 റണ്‍സെടുത്ത നിനാന്ദ് അശ്വിനികുമാര്‍ റാഥ്വയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജലജ് സക്സേനക്കായിരുന്നു വിക്കറ്റ്, പിന്നാലെ രാജേഷ് ധൂപറിനെയും(2) സൗമ്യ രഞ്ജൻ ലെങ്കയെയയും പുറത്താക്കി ജലജ് സകസ്നേ ഒഡിഷയുടെ നടുവൊടിച്ചു. ആദ്യ ഇന്നംഗ്സില്‍ 37 റണ്‍സുമായി പൊരുതിയ ലളിത് യാദവ് 11 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഒഡിഷയുടെ അവസാന രണ്ട് ബാറ്റര്‍മാരായ രാജേഷ് മൊഹന്തിയും ബാദല്‍ ബിസ്വാളും റണ്ണൗട്ടായി. 53 റണ്‍സടിച്ച ഓപ്പണര്‍ ഗൗരവ് ചൗധരിയാണ് രണ്ടാം ഇന്നിംഗ്സില്‍ ഒഡിഷയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സുബ്രാന്‍ഷു സേനാപതി 30 റണ്‍സെടുത്തു. മറ്റാര്‍ക്കും ഒഡിഷ നിരയില്‍ തിളങ്ങാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക