ബാറ്റിംഗ് ഓർഡറിൽ ഏത് സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് മലയാളിയായ സഞ്ജു സാംസൺ എന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഏകദിന ടീമില്‍ ഈ വര്‍ഷം ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമില്‍ നിന്ന് പുറത്താവുക! ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞതില്‍ ചോദ്യങ്ങള്‍ സെലക്‌ടര്‍മാര്‍ക്കെതിരെ ഉയരുകയാണ്. ലങ്കയ്ക്കെതിരെ ഏകദിന ടീമിലുള്‍പ്പെടുത്താത്ത സഞ്ജുവിനെ ട്വന്‍റി 20 സ്ക്വാഡില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്‌തിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി.
ഫേസ്‌ബുക്ക് പോസ്റ്റ്
'ബാറ്റിംഗ് ഓർഡറിൽ ഏത് സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് മലയാളിയായ സഞ്ജു സാംസൺ. രഞ്ജി ട്രോഫിയിൽ മൂന്ന് അർധ സെഞ്ചുറികൾ ഉൾപ്പെടെ മിന്നും ഫോമിൽ ആണ് സഞ്ജു. ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നു' എന്നാണ് വി ശിവന്‍കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
എന്തുകൊണ്ട് സഞ്ജുവിന് അവഗണന?
അടുത്ത വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ബിസിസിഐയുടെ പദ്ധതികളില്‍ സഞ്ജുവിന്‍റെ പേരില്ലേ എന്ന സംശയം ആരാധകര്‍ക്കുണ്ട്. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടും സഞ്ജുവിനെ ഏകദിന ഫോര്‍മാറ്റിലേക്ക് പരിഗണിക്കാതിരിക്കുകയായിരുന്നു. 2022ല്‍ ഒൻപത് ഏകദിന ഇന്നിംഗ്‌സുകളില്‍ അഞ്ച് നോട്ടൗട്ടുകള്‍ സഹിതം 284 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു. രോഹിത് ശര്‍മ്മയും വിരാട് കോലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന പരമ്പരകളില്‍ രണ്ടാംനിര ടീമിനെ അയക്കുമ്പോള്‍ മാത്രമാണ് സഞ്ജുവിനെ പരിഗണിക്കുന്നത് എന്ന വിമര്‍ശനം ശക്തമാണ്.
സഞ്ജു സാംസണ് തുടര്‍ച്ചയായി അവസരം നല്‍കണമെന്ന ആവശ്യം കുറേ നാളുകളായുണ്ട്. ഒരു പരമ്പരയിലും തുടര്‍ച്ചയായ മത്സരങ്ങളില്‍ സഞ്ജുവിനെ കളിപ്പിക്കുന്ന പതിവില്ല. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ആദ്യ ഏകദിനത്തിന് ശേഷം പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും പിന്നീട് അവസരം ലഭിച്ചില്ല. ട്വന്‍റി 20 പരമ്പരയില്‍ പൂര്‍ണമായും തഴയുകയും ചെയ്തു. പിന്നാലെ ബംഗ്ലാദേശ് പര്യടനം നടത്തിയ ഇന്ത്യന്‍ ഏകദിന ടീമില്‍ എടുത്തുമില്ല. ന്യൂസിലന്‍ഡില്‍ ഒരൊറ്റ മത്സരം മാത്രം കളിപ്പിച്ച ശേഷം സഞ്ജുവിനെ ഒഴിവാക്കുകയാണ് സെലക്‌ടര്‍മാര്‍ ചെയ്‌തത്. ഇങ്ങനെ വല്ലപ്പോഴും മാത്രം കളിപ്പിച്ചാല്‍ ഒരു താരത്തിന്‍റെ പ്രകടനം എങ്ങനെ വിലയിരുത്താന്‍ കഴിയുമെന്ന ചോദ്യമാണ് ആരാധകര്‍ക്കുള്ളത്.
ലങ്കന്‍ പരമ്പര സഞ്ജു സാംസണ് നിര്‍ണായകം; ടി20യില്‍ വരുന്നത് അവസരങ്ങളുടെ പെരുമഴ?
