കളിയായാലും ജീവിതമായാലും എയ്ഞ്ചലോ മാത്യൂസ് ആവരുത്! ടൈംഡ് ഔട്ടാവാന്‍ ഏറെ സമയം വേണ്ടെന്ന് കേരള എംവിഡി
ഇക്കാര്യത്തില്‍ മാത്യൂസ് വിശദീകരണം നല്‍കിയിരുന്നു. തനിക്കെതിരെ ടൈം ഔട്ട് അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണെന്നും മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു

തിരുവനന്തപുരം: ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ താരം എയഞ്ച്‌ലോ മാത്യൂസിന്റെ ടൈംഡ് ഔട്ട് വിക്കറ്റ് വിവാദമായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് ക്രീസിലെത്തിയ ശേഷം ഉടനെ ഒരു പന്ത് പോലും നേരിടാന്‍ കഴിയാതെ മടങ്ങേണ്ടിവന്നത്. അനുവദിച്ച രണ്ട് മിനിറ്റ് സമയത്തിനുള്ളില്‍ മാത്യൂസ് ആദ്യ പന്ത് നേരിടാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ അപ്പീല്‍ ചെയ്യുകയും അംപയര്‍ക്ക് ഔട്ട് നല്‍കേണ്ടി വരികയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടൈംഡ് ഔട്ടാകുന്ന ആദ്യ ക്രിക്കറ്റ് താരമായിരുന്നു മാത്യൂസ്.
ഇക്കാര്യത്തില്‍ മാത്യൂസ് വിശദീകരണം നല്‍കിയിരുന്നു. തനിക്കെതിരെ ടൈം ഔട്ട് അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണെന്നും മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ''ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. രണ്ട് മിനിറ്റിനുള്ളില്‍ തയാറായി ഞാന്‍ ക്രീസിലെത്തിയിരുന്നു. പക്ഷെ എന്റെ ഹെല്‍മെറ്റ് തകരാറിലായി. അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചത്. എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പരിപാടിയായി പോയി.'' മാത്യൂസ് വ്യക്തമാക്കി.
ഈ സംഭവവുമായി ബന്ധപ്പെട്ടുത്തി ബോധവല്‍ക്കരണ പോസ്റ്റുമായി എത്തിയിരിക്കുകയാണ് കേരള എംവിഡി. ഹെല്‍മെറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യമാണ് എംവിഡി പങ്കുവെക്കുന്നത്. പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ പ്രധാന സുരക്ഷാ കവചമാണ് ഹെല്‍മറ്റ്. അത് നിലവാരമുള്ളതായിരിക്കുവാനും ശരിയായ രീതിയില്‍ ചിന്‍ സ്ട്രാപ് ബന്ധിച്ച് ധരിക്കാനും ശ്രദ്ധിക്കുക. ഒരു കളിയില്‍ ഔട്ടായാലും മറ്റൊരു കളിയില്‍ അവസരം ലഭിച്ചേക്കും എന്നാല്‍ ജീവിതത്തില്‍ രണ്ടാമതൊരു അവസരമില്ല എന്നോര്‍ക്കുക!'' പോസ്റ്റില്‍ പറയുന്നു.
ഷാക്കിബ് എറിഞ്ഞ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 26-ാം ഓവറിലാണ് മാത്യൂസ് ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ വൈകിയതിന് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയത്. മത്സരത്തില്‍ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. ഇതോടെ ലോകകപ്പില്‍ നിന്ന് അവര്‍ പുറത്താവകുയും ചെയ്തു. ബംഗ്ലാദേശ് നേരത്തെ പുറത്തായിരുന്നു.
മാക്‌വെല്ലിന്റെ കൈ കരുത്തിന് പിന്നില്‍? ഗോള്‍ഫ്, ടെന്നിസ്..? കാരണം വ്യക്തമാക്കി മുന്‍ താരങ്ങള്‍