എന്നാല്‍ അവസാന ദിനം റിഷഭ് പന്ത് തുടക്കത്തിലെ വീണാല്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാവും. കൈവിരലിലെ പരിക്ക് അലട്ടുന്ന റിഷഭ് പന്തിനെതിരെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും ഇംഗ്ലീഷ് പേസര്‍മാര്‍ ശ്രമിക്കുക.

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് ഐതിഹാസിക ജയത്തിലേക്ക് വേണ്ടത് 135 റണ്‍സ്. കൈയിലുള്ളത് ആറ് വിക്കറ്റും. 33 റണ്‍സുമായി ക്രീസിലുള്ള കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗിലും റിഷഭ് പന്തിന്‍റെ ചോരത്തിളപ്പിലും വിശ്വാസമര്‍പ്പിച്ചാണ് ഇന്ത്യ അവസാന ദിനം വിജയത്തിലേക്ക് ബാറ്റുവീശാനിറങ്ങുന്നത്. രാഹുല്‍ ഒരറ്റം കാക്കുകയും മറുവശത്ത് റിഷഭ് പന്ത് തകര്‍ത്തടിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ആദ്യ സെഷനില്‍ തന്നെ ജയത്തിലെത്താനാവും.

എന്നാല്‍ അവസാന ദിനം റിഷഭ് പന്ത് തുടക്കത്തിലെ വീണാല്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാവും. കൈവിരലിലെ പരിക്ക് അലട്ടുന്ന റിഷഭ് പന്തിനെതിരെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും ഇംഗ്ലീഷ് പേസര്‍മാര്‍ ശ്രമിക്കുക. പ്രത്യേകിച്ച് അസാധരണമായി കുത്തി ഉയരുകയും താഴ്ന്നുപോകുകയും ചെയ്യുന്ന പിച്ചില്‍ ബാറ്റിംഗ് എളുപ്പമായിരിക്കില്ല.

ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍ ഇന്നലെ പന്തെറിഞ്ഞില്ലെങ്കിലും അവസാന ദിനം ബഷീറിന്‍റെ സ്പെ്ല്ലുകളും ഏറെ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പ്രകടനം ഇന്ത്യൻ ബാറ്റര്‍മാര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ബഷീറിനെ റിഷഭ് പന്ത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാവും ഇന്ത്യയുടെ വിജയവും. 

ബഷീറിന് പുറമെ ജോ റൂട്ടിന്‍റെ പാര്‍ട്ട് ടൈം സ്പിന്നും ഇന്ത്യ അതിജീവിക്കേണ്ടിവരും. പേസര്‍മാരില്‍ ബ്രെയ്ഡന്‍ കാര്‍സ് തന്നെയാവും ഇന്ത്യക്ക് വെല്ലുവിളിയാകുക എന്നാണ് കരുതുന്നത്. പന്ത് അകത്തേക്ക് സ്വിംഗ് ചെയ്യിക്കാന്‍ കഴിയുന്ന കാര്‍സ് രാഹുലിനും റിഷഭ് പന്തിനും ഒരുപോലെ ഭീഷണിയാകും.

അവസാന ദിനത്തിലെ ആദ്യ ഒരുമണിക്കൂറാവും മത്സരത്തിന്‍റെ ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുക എന്നാണ് കണക്കാക്കുന്നത്. ആദ്യ മണിക്കൂറില്‍ വിക്കറ്റ് നഷ്ടമാകതെ 30-40 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായാല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദം അകലും. നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഓള്‍ റൗണ്ട് മികവും ഇന്ന് ലോര്‍ഡ്സില്‍ പരീക്ഷിക്കപ്പെടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക