സീസണിലെ ഓറഞ്ച് ക്യാപ് പോരാട്ടത്തിലും കുതിപ്പുണ്ടാക്കാൻ രാഹുലിനായി

ട്വന്റി 20 ക്രിക്കറ്റില്‍ അതിവേഗം 8,000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്ററായി കെ എല്‍ രാഹുല്‍. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിലാണ് രാഹുല്‍ റെക്കോര്‍ഡ് പിന്നിട്ടത്. ഇതിഹാസ താരം വിരാട് കോലിയെ മറികടന്നാണ് നേട്ടം. 224 ഇന്നിങ്സാണ് 8,000 റണ്‍സ് പിന്നിടാൻ രാഹുലിന് ആവശ്യമായി വന്നത്. അതേസമയം കോലി സമാനനേട്ടത്തിലേക്ക് എത്തിയത് 243 ഇന്നിങ്സിലാണ്.

ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗം 8,000 റണ്‍സ് തികച്ച താരം വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്‌ലാണ്. 213 ഇന്നിങ്സ് മാത്രമാണ് ഗെയ്‌ലിന് ആവശ്യമായി വന്നത്. തൊട്ടുപിന്നില്‍ പാക്കിസ്ഥാന്റെ ബാബര്‍ അസമാണ്. 218 ഇന്നിങ്സുകളില്‍ നിന്നാണ് ബാബര്‍ 8,000 പിന്നിട്ടത്. രാഹുലിന് പിന്നിലായാണ് കോലി. ശേഷം പാക്കിസ്ഥാന്റെ തന്നെ മുഹമ്മദ് റിസ്വാനാണ്. 244 ഇന്നിങ്സാണ് റിസ്വാന് ആവശ്യമായി വന്നത്. 

ഡല്‍ഹിക്കെതിരായ സെഞ്ച്വറി നേട്ടവും രാഹുലിന് പുതിയ റെക്കോർഡുകള്‍ സമ്മാനിച്ചിട്ടുണ്ട്. 65 പന്തില്‍ 112 റണ്‍സാണ് രാഹുല്‍ നേടിയത്. 14 ഫോറും നാല് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ട്വന്റി 20യില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ സെഞ്ച്വറി നേടുന്നവരുടെ പട്ടികയില്‍ മൂന്നാമതെത്താനും രാഹുലിനായി. ഏഴ് സെഞ്ച്വറികളാണ് രാഹുലിന്റെ പേരിലുള്ളത്. ഒൻപത് സെഞ്ച്വറിയുള്ള കോലിയാണ് ഒന്നാമത്. എട്ട് ശതകവുമായി രോഹിത് രണ്ടാം സ്ഥാനത്തും.
ഐപിഎല്ലിലെ ശതകക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കും രാഹുലെത്തി. ടൂർണമെന്റിന്റെ ചരിത്രത്തില്‍ രാഹുല്‍ ഇത് അഞ്ചാം തവണയാണ് മൂന്നക്കം കടക്കുന്നത്. കോലി (8), ജോസ് ബട്ട്ലർ (7), ഗെയ്‌ല്‍ (6) എന്നിവര്‍ മാത്രമാണ് രാഹുലിന് മുന്നിലുള്ളത്. 

സീസണിലെ രാഹുലിന്റെ റണ്‍സ് നേട്ടം 493ലെത്തി. 11 ഇന്നിങ്സില്‍ നിന്നാണ് നേട്ടം. 61.63 ശരാശരിയിലും 148 സ്ട്രൈക്ക് റേറ്റിലുമാണ് രാഹുലിന്റെ ബാറ്റിംഗ്.