വനിന്ദു ഹസരങ്കയെറിഞ്ഞ ഓവറില്‍ രണ്ട് റണ്‍സിനായി ഓടി ക്രീസില്‍ മടങ്ങിയെത്തിയ ശേഷം കോലിയെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു

രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിനിടെയില്‍ വിരാട് കോലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടോ? ആരാധകരെയാകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് മത്സരത്തിനിടയിലെ ആ നിമിഷം. 

ജയ്‌പൂരിലെ ചൂട് താരങ്ങളെ വലയ്ക്കുന്നതിന് കാരണമായിരുന്നു. ബെംഗളൂരു ഇന്നിങ്സിന്റെ 15-ാം ഓവറിലായിരുന്നു സംഭവം. വനിന്ദു ഹസരങ്കയെറിഞ്ഞ ഓവറില്‍ രണ്ട് റണ്‍സിനായി ഓടി ക്രീസില്‍ മടങ്ങിയെത്തിയ ശേഷം കോലിയെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. 

Scroll to load tweet…

ശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസണുമായി കോലി സംസാരിക്കുന്നതും കണ്ടു. തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാമോയെന്നായിരുന്നു കോലി സഞ്ജുവിനോട് ചോദിച്ചത്. കുഴപ്പമൊന്നുമില്ലെന്ന് പരിശോധിച്ച ശേഷം സഞ്ജു മറുപടി നല്‍കുകയും ചെയ്തു. വിക്കറ്റ് കീപ്പിങ് ഗ്ലൗ നീക്കിയതിന് ശേഷമായിരുന്നു കോലിയെ സഞ്ജു പരിശോധിച്ചത്. 

സ്റ്റമ്പ് മൈക്കാണ് സഞ്ജുവിന്റേയും കോലിയുടേയും സംസാരം പിടിച്ചെടുത്തത്. എന്നാല്‍‍ അടുത്ത പന്തില്‍ ഹസരങ്കയെ കോലി ബൗണ്ടറി പായിക്കുകയും ചെയ്തു. ഓവറിന് ശേഷം ഉടൻ തന്നെ ബെംഗളൂരു ടൈം ഔട്ട് എടുക്കുകയും ചെയ്തു. ഇതോടെ കോലിക്ക് ഇടവേള ലഭിക്കുകയും ബുദ്ധിമുട്ടുകളില്‍ നിന്ന് ആശ്വാസം കണ്ടെത്താനും കഴിഞ്ഞു. ശ്വാസമെടുക്കുന്നതിന് താരം ബുദ്ധിമുട്ടുനേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

174 റണ്‍സ് പിന്തുടരവെ ബെംഗളൂരുവിനെ വിജയത്തിലെത്തിച്ചതിന് ശേഷമായിരുന്നു കോലി കളം വിട്ടത്. 62 റണ്‍സാണ് താരം നേടിയത്. സീസണിലെ കോലിയുടെ മൂന്നാം അ‍ർദ്ധ സെഞ്ച്വറിയായിരുന്നു ജയ്‌പൂരില്‍ പിറന്നത്. 

മത്സരശേഷം കോലിയേയും അര്‍ദ്ധ സെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ടിനേയും സഞ്ജു അഭിനന്ദിക്കുകയും ചെയ്തു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേ‍ര്‍ന്ന് നേടിയ 92 റണ്‍സായിരുന്നു കളിയുടെ ഗതിമാറ്റിയത്. പവര്‍പ്ലെയില്‍ തന്നെ ബെംഗളൂരു വിജയം പിടിച്ചെടുത്തെന്നും സഞ്ജു വ്യക്തമാക്കി. 

അര്‍ദ്ധ സെഞ്ച്വറിയോടെ മറ്റൊരു അപൂര്‍വനേട്ടത്തിലേക്കും കോലിയെത്തി. ഡേവിഡ് വാ‍ര്‍ണറിന് ശേഷം ട്വന്റി 20 ക്രിക്കറ്റില്‍ 100 അര്‍ദ്ധ സെഞ്ച്വറി നേടുന്ന ആദ്യ താരമാകാൻ കോലിക്ക് സാധിച്ചു.