രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന 4-ാമത്തെ ഇന്ത്യൻ താരമാണ് ധോണി.
ജയ്പൂർ: ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സിക്സർ നേടിയതോടെ ധോണി ടി20 ക്രിക്കറ്റിൽ 350 സിക്സറുകൾ പൂർത്തിയാക്കി. രോഹിത് ശർമ്മ (542), വിരാട് കോലി (434), സൂര്യകുമാർ യാദവ് (368) എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന 4-ാമത്തെ ഇന്ത്യൻ താരമായി ധോണി മാറി.
ടി20യിൽ 350 സിക്സറുകൾ നേടുന്ന 34-ാമത്തെ താരമാണ് ധോണി. ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയതിന്റെ റെക്കോർഡ് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 463 മത്സരങ്ങളിൽ നിന്ന് 1056 സിക്സറുകളാണ് ഗെയ്ൽ നേടിയത്. ഐപിഎല്ലിൽ 264 സിക്സറുകൾ നേടിയിട്ടുള്ള ധോണി ക്രിസ് ഗെയ്ൽ (357), രോഹിത് ശർമ്മ (297), വിരാട് കോലി (290) എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്തുണ്ട്.
അതേസമയം, രാജസ്ഥാനെതിരായ മത്സരത്തിലെ 16-ാം ഓവറിലാണ് ധോണി 350-ാം സിക്സർ തികച്ചത്. റിയാൻ പരാഗിനെതിരെയായിരുന്നു ധോണിയുടെ സിക്സർ. മത്സരത്തിൽ ധോണി നേടിയ ഏക സിക്‌സറും ഇതുതന്നെയായിരുന്നു. അവസാന ഓവറുകളിൽ ധോണി ബൗണ്ടറിൾകൾ കണ്ടെത്താൻ പാടുപെട്ടു. 17 പന്തിൽ നിന്ന് 16 റൺസ് നേടാനെ ധോണിയ്ക്ക് സാധിച്ചുള്ളൂ. ഈ സീസണിൽ ധോണി 24.5 ശരാശരിയിൽ 135.2 സ്ട്രൈക്ക് റേറ്റോടെ 196 റൺസ് നേടിയിട്ടുണ്ട്. 12 സിക്സറുകളും ധോണിയുടെ ബാറ്റിൽ നിന്ന് പിറന്നു.


