മൂന്നാം നമ്പറില്‍ തിലക് വര്‍മക്ക് ഇടം നല്‍കിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നത്. 

ലക്നൗ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുളള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഓപ്പണര്‍ യശസ്വി ജയ്സ്വാളിനും ഫിനിഷര്‍ റിങ്കു സിംഗിനും കൈഫ് തന്‍റെ ടീമില്‍ ഇടം നല്‍കിയിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്ലിനെ ടീമിലെ ബാക്ക് അപ്പ് ഓപ്പണറായി കൈഫ് തെരഞ്ഞെടുത്തിട്ടുണ്ട്.

മലയാളി താരം സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയുമാണ് കൈഫ് ഏഷ്യാ കപ്പ് ടീമിലെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തത്. മൂന്നാം നമ്പറില്‍ തിലക് വര്‍മക്ക് ഇടം നല്‍കിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നത്. ഗില്ലും ഹാര്‍ദ്ദിക്കും ടീമിലുണ്ടെങ്കിലും അക്സര്‍ പട്ടേലാണ് കൈഫിന്‍റെ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ എന്നതും ശ്രദ്ധേയമാണ്.

സഞ്ജുവിന്‍റെ ബാക്ക് അപ്പായി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ജിതേഷ് ശര്‍മയെയാണ് കൈഫ് തെരഞ്ഞെടുത്തത്. ഫിനിഷറായി ശിവം ദുബെയെയും കൈഫ് ടീമിലെടുത്തു. സ്പിന്നര്‍മാരായി അക്സര്‍ പട്ടേലിനൊപ്പം വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ കൈഫ് ടീമിലെടുത്തപ്പോള്‍ പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് ടീമിലുള്ളത്. അടുത്ത മാസം ഒമ്പതിനാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

ഏഷ്യാ കപ്പിനായി മുഹമ്മദ് കൈഫ് തെരഞ്ഞെടുത്ത് ഇന്ത്യൻ ടീം. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക