22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബ്രെവിസ് ഓസ്ട്രേലിയക്കെതിരെ ടി20യില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ബാറ്ററുടെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തി.

ഹൊബാര്‍ട്ട്: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോര്‍. വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ഡെവാള്‍ഡ് ബ്രെവിസിന്‍റെ ബാറ്റിംഗ് മികവില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. 26 പന്തില്‍ 53 റണ്‍സടിച്ച ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബ്രെവിസ് ടി20യില്‍ ഓസ്ട്രേലിയക്കെതിരെ ഒരു ദക്ഷിണാണാണാഫ്രിക്കന്‍ ബാറ്ററുടെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന സ്വന്തം റെക്കോര്‍ഡ്(25 പന്തില്‍) തിരുത്തി. ഓസ്ട്രേലിയക്കായി നഥാന്‍ എല്ലിസ് 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രമിനെ(0) നഷ്ടമായി. പിന്നാലെ ലുഹാന്‍ പ്രിട്ടോറിയസും(24) പവര്‍ പ്ലേയില്‍ തന്നെ മടങ്ങി. പവര്‍ പ്ലേക്ക് പിന്നാലെ റിക്കിള്‍ടണും(13) വീണതോടെ ഏഴോവറിൽ 49-3 എന്ന സ്കോറില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ബ്രെവിസ്-സ്റ്റബ്സ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ആരോണ്‍ ഹാര്‍ഡി എറിഞ്ഞ പത്താം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്സ് അടക്കം നാലു സിക്സുകള്‍ പറത്തിയ ബ്രെവിസ് 22 പന്തില്‍ അര്‍ധെസഞ്ചുറിയിലെത്തി. പതിനൊന്നാം ഓവറില്‍ 100 കടന്ന ദക്ഷിണാഫ്രിക്ക വമ്പന്‍ സ്കോറ്‍ നേടുമെന്ന് കരുതിയ ഘട്ടത്തിലാണ് നഥാന്‍ എല്ലിസിന്‍റെ പന്തില്‍ ബൗണ്ടറിയിൽ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ബ്രെവിസ് വീണത്.

Scroll to load tweet…

ആറ് സിക്സും ഒരു ബൗണ്ടറിയുമടക്കം 26 പന്തില്‍ 53 റണ്‍സെടുത്ത ബ്രെവിസ് വീണതിന് പിന്നാലെ സ്റ്റബ്സും(23 പന്തില്‍ 25) മടങ്ങി.പിന്നാടെ വാന്‍ഡര്‍ ഡസ്സന്‍റെ ചെറുത്തുനില്‍പ്പാണ്(26 പന്തില്‍ 38*) ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. കോര്‍ബിന്‍ ബോഷും(1), സെനുരാന്‍ മുത്തുസ്വാമിയും(9) നിരാശപ്പെടുത്തിയപ്പോള്‍ റബാഡ നാലു റണ്‍സുമായി പുറത്താകാതെ നിന്നു. പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ബ്രെവിസിന്‍റെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക