കെസിഎൽ രണ്ടാം സീസണിന് മുന്നോടിയായുള്ള മത്സരത്തിൽ സഞ്ജു സാംസൺ എടുത്ത പറക്കും ക്യാച്ചിന്റെ വീഡിയോ പങ്കുവച്ച് രാജസ്ഥാൻ റോയൽസ്.

തിരുവനന്തപുരം: ഐപിഎല്ലിലെ ടീംമാറ്റ ചര്‍ച്ചകള്‍ക്കിടെ ക്യാപ്റ്റന്‍ സഞ്ജു സാംസണെടുത്ത പറക്കും ക്യച്ചിന്‍റെ വീഡിയോ പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്. ‘എയര്‍ സാംസണ്‍’ എന്ന അടിക്കുറിപ്പോടെയാണ് കെസിഎൽ രണ്ടാം സീസണ് മുന്നോടിയായി ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കെസിഎ പ്രസിഡന്‍റ്സ് ഇലവനും കെസിഎ സെക്രട്ടറി ഇലവനും തമ്മിലുള്ള മത്സരത്തില്‍ സഞ്ജുവെടുത്ത പറക്കും ക്യാച്ചിന്‍റെ വീഡിയ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചത്. തലയുടെ വിളയാട്ടം എന്ന പാട്ടിന്‍റെ അകമ്പടിയോടെയാണ് വീഡിയോ എന്നതും ശ്രദ്ധേയമാണ്.

വീഡിയോയില്‍ കളി കാണുന്ന മലയാളി ആരാധകന്‍ സഞ്ജു ക്യാച്ചെടുക്കുമ്പോൾ എന്‍റമ്മേ, അളിയാ, സഞ്ജുവിന് ഫിറ്റ്നെസ് ഇല്ലെന്ന് ആരാടാ പറഞ്ഞത്, നോക്കെടാ സിംഗിള്‍ ഹാന്‍ഡസ് സാധനം, ഫ്ലയിംഗ് ക്യാച്ച് എന്ന് വിളിച്ചു പറയുന്നതും കാണാം. ഇന്നലെ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി നടന്ന പ്രദർശന മത്സരത്തിൽ സഞ്ജു സാംസൺ നയിച്ച കെസിഎ സെക്രട്ടറി ഇലവൻ ആവേശജയം സ്വന്തമാക്കിയിരുന്നു. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ സച്ചിൻ ബേബി നയിച്ച കെ.സി.എ. പ്രസിഡന്‍റ് ഇലവനെ ഒരുവിക്കറ്റിനാണ് സഞ്ജു നയിച്ച സെക്രട്ടറി ഇലവന്‍ തകർത്തത്. തകർപ്പൻ ക്യാച്ചിന് പുറമെ 36 പന്തിൽ 54 റൺസെടുത്ത സഞ്ജു ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.

Scroll to load tweet…

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ആഗ്രഹം സഞ്ജു ടീം മാനേജ്മെന്‍റിനെ ഔദ്യോഗികമായി അറിയിച്ചുവെന്ന് കഴിഞ്ഞ ദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറാനായിരുന്നു സഞ്ജു ആഗ്രഹിച്ചതെങ്കിലും സഞ്ജുവിന് പകരം ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെയോ രവീന്ദ്ര ജഡേജയെയോ നല്‍കണമെന്ന രാജസ്ഥാന്‍റെ ആവശ്യം ചെന്നൈ നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെന്നൈക്ക് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക