ജസ്പ്രിത് ബുമ്രയുടെ അഭാവത്തിൽ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിന് മുഹമ്മദ് സിറാജ് നേതൃത്വം നൽകും. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ കാഴ്ചവെച്ച മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് സിറാജ്. 

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പേസ് പിച്ചില്‍ ഇന്ത്യയുടെ ബോളിങ് പ്രതീക്ഷ മുഹമ്മദ് സിറാജിലാണ്. ഉത്തരവാദിത്തം കൂടുമ്പോള്‍ സൂപ്പര്‍ ഫോമിലേക്കെത്തുന്ന സിറാജ് മാജിക്ക്, ഓസീസിലും പ്രതീക്ഷിക്കാം പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ത്ഥ പോരാളികള്‍ ജനിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിനൊപ്പം തലപ്പൊക്കമൊള്ള മറ്റൊരു താരമില്ല. ജസ്പ്രിത് ബുമ്രയുടേയും മുഹമ്മദ് ഷമിയുടേയും നിഴലില്‍ നിന്ന് സിറാജ് സ്വതന്ത്രനായിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 185.3 ഓവറുകള്‍ എറിയുകയും 23 വിക്കറ്റുകള്‍ നേടുകയും ചെയ്തു സിറാജ്.

ഈ വര്‍ഷം ഇതുവരെ സിറാജ് ടെസ്റ്റില്‍ നിന്ന് നേടിയത് 37 വിക്കറ്റുകള്‍. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് നേടയിത് 10 വിക്കറ്റ്. ഒടുവില്‍ പരമ്പരയിലെ ടീം ഇന്ത്യയുടെ ഇംപാക്ട് പ്ലയറായതും സിറാജ് തന്നെ. ക്രിക്കറ്റില്‍ തന്റെ പ്രിയ ഫോര്‍മാറ്റ് ടെസ്റ്റാണെന്ന് സിറാജ് പറയുന്നു. പതിവ് ഗ്ലാമറസ് ആഘോഷങ്ങളില്ലാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഞാനിവിടുണ്ട് എന്ന് പ്രകടനം കൊണ്ട് പ്രഖ്യാപിക്കുകയാണ് സിറാജ്. ഓസീസ് പര്യടനത്തില്‍ ബുമ്രയുടെ അഭാവത്തില്‍ പേസ് ആക്രമണത്തിന്റെ നേതൃത്വം സിറാജിനാണ്. മൈറ്റി ഓസീസിനെ തകര്‍ക്കാന്‍ പോന്ന പ്രകടനം സിറാജില്‍ നിന്ന് പ്രതീക്ഷിക്കുന്നു ആരാധകര്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ സിറാജ്് അതിനെ കുറിച്ച് സംസാരിച്ചിരുന്നു. ''സത്യം പറഞ്ഞാല്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര വളരെ നന്നായി പോയി. ഞങ്ങള്‍ അഹമ്മദാബാദില്‍ കളിച്ചപ്പോള്‍ പേസര്‍മാര്‍ക്ക് അല്‍പ്പം സഹായം ലഭിച്ചിരുന്നു. എന്നാല്‍ ദില്ലിയില്‍ ഞങ്ങള്‍ക്ക് ഒരുപാട് ഓവറുകള്‍ എറിയേണ്ടിവന്നു. ഓരോ വിക്കറ്റും അഞ്ച് വിക്കറ്റ് പോലെയാണ് എനിക്ക് തോന്നിയത്. ഒരു ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍, കഠിനാധ്വാനം ചെയ്ത ശേഷം പ്രതിഫലം ലഭിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഒരുപാട് ആത്മവിശ്വാസം ലഭിക്കും, കൂടാതെ ഡ്രസ്സിങ് റൂമിലെ ഇംപാക്റ്റ് പ്ലെയര്‍ അവാര്‍ഡ് നേടുമ്പോള്‍ സന്തോഷവും തോന്നും.'' സിറാജ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റാണ് തന്റെ ഇഷ്ട ഫോര്‍മാറ്റെന്നും മികച്ച പ്രകടനം തുടരുമെന്ന് സിറാജ് വാഗ്ദാനം ചെയ്യുകയും ചെയ്തു. ''ഏത് നേട്ടത്തിലും ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. ഇത്തരം പ്രകടനങ്ങള്‍ തുടരാന്‍ ഞാന്‍ ശ്രമിക്കും, കാരണം ടെസ്റ്റ് ക്രിക്കറ്റാണ് എന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റ്. അതില്‍ ഒരുപാട് വെല്ലുവിളികളുണ്ട് നിങ്ങള്‍ ദിവസം മുഴുവന്‍ ഗ്രൗണ്ടില്‍ ഉണ്ടായിരിക്കണം, ശാരീരികമായും മാനസികമായും തയ്യാറായിരിക്കണം.'' സിറാജ് കൂട്ടിച്ചേര്‍ത്തു.

YouTube video player