ഏഷ്യാ കപ്പ് കിരീടം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) അബുദാബിയിലെ ആസ്ഥാനത്ത് നിന്ന് മാറ്റിയതായി റിപ്പോർട്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്സിൻ നഖ്‌വിയുടെ കസ്റ്റഡിയിലാണ് ട്രോഫിയെന്ന് ജീവനക്കാർ അറിയിച്ചു.
അബുദാബി: ഏഷ്യാ കപ്പ് കിരീടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഇപ്പോഴും അവസാനമായില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ആസ്ഥാനത്ത് നിന്ന് ട്രോഫി മാറ്റിയതായിട്ടുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. അബുദാബിയിലെ ഒരു രഹസ്യ സ്ഥലത്തേക്കാണ് കിരീടം മാറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ എസിസി ആസ്ഥാനത്ത് വച്ച് ട്രോഫി എവിടെയാണെന്ന് ജീവനക്കാരോട് ചോദിച്ചപ്പോഴാണ് മാറ്റി വിവരം പുറത്തുവരുന്നത്. അബുദാബിയില്‍ മൊഹ്സിന്‍ നഖ്വിയുടെ കസ്റ്റഡിയിലാണെന്ന് ജീവനക്കാര്‍ അറിയിച്ചു.
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. പാകിസ്താന്‍ ആഭ്യന്തര മന്ത്രിയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നേരത്തെ നിലപാടെടുത്തിരുന്നു. ഇതോടെയാണ് തര്‍ക്കം തുടങ്ങിയത്. യാതൊരു വിശദീകരണവും നല്‍കാതെ വേദിയില്‍ നിന്ന് ട്രോഫി എടുത്തുമാറ്റുകയും ചെയ്തു. ട്രോഫി തിരികെ നല്‍കുന്നതിന് നഖ്വി ചില വ്യവസ്ഥകള്‍ വച്ചിരുന്നു. എസിസി ഓഫീസില്‍ വന്ന് തന്നില്‍ നിന്ന് തന്നെ ട്രോഫി കൈപ്പറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് കൈമാറാന്‍ ഒരു ചടങ്ങ് സംഘടിപ്പിക്കാമെന്നും നഖ്വി നിര്‍ദ്ദേശിച്ചു.
ഒരു ഇന്ത്യന്‍ താരം ചടങ്ങില്‍ പങ്കെടുത്ത് തന്നില്‍ നിന്ന് ട്രോഫി സ്വീകരിക്കണമെന്നായിരുന്നു നഖ്വിയുടെ ആവശ്യം. ബിസിസിഐ ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് നഖ്വിക്ക് കത്തയച്ചിരുന്നു, അതിന് മറുപടിയായിട്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇതിനിടെ ഫൈനലിന് ശേഷമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് നഖ്വി ബിസിസിഐയോട് ക്ഷമാപണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഈ വാദങ്ങള്‍ നിഷേധിക്കുകയും ചെയ്തു.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷസമയത്ത് നഖ്വി നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് നഖ്‌വില്‍ ട്രോഫി സ്വീകരിക്കില്ലെന്ന നിലപാട് ഇന്ത്യയെടുത്തത്. മറ്റേതെങ്കിലും വ്യക്തിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങാമെന്ന് ഇന്ത്യന്‍ ടീം അറിയിച്ചെങ്കിലും ട്രോഫി കൈമാറാതെ നഖ്വി സ്റ്റേഡിയത്തില്‍ നിന്ന് പോയി. ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ നഖ്വി തയാറിയില്ല.



