ലാഹോര്‍: സീനിയർ താരങ്ങളായ ഷുഐബ് മാലിക്, മുഹമ്മദ് ആമിർ എന്നിവരെ ഒഴിവാക്കി ന്യൂസിലൻഡ് പര്യടനത്തിനുള്ള 35 അംഗ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അമാദ് ബട്ട്, ഡാനിഷ് അസീസ്, ഇമ്രാൻ ബട്ട്, റൊഹൈൽ നാസി‍ർ എന്നിവരാണ് പുതുമുഖങ്ങൾ. 27 വയസാണ് 35 അംഗ ടീമിന്റെ ശരാശരി പ്രായം. 

മുപ്പത്തിയെട്ടുകാരനായ മാലിക്കിന് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ അവസരം ലഭിച്ചേക്കില്ല എന്ന സൂചനയാണ് സെലക്‌ടര്‍മാര്‍ നല്‍കുന്നത്. നിലവില്‍ ടി20 മത്സരങ്ങള്‍ മാത്രം കളിക്കുന്ന മാലിക്കിന് നാട്ടില്‍ സിംബാബ്‌വെക്കെതിരെ അരങ്ങേറിയ പരമ്പരയിലും അവസരം നല്‍കിയിരുന്നില്ല. ഇടംകൈയന്‍ പേസറായ ആമിറിനെ സിംബാബ്‌വെക്കെതിരെ നടന്ന വൈറ്റ് ബോള്‍ പരമ്പരയിലും പരിഗണിച്ചിരുന്നില്ല. 2019 ജനുവരിയിലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ താരം കളിച്ചിരുന്നു. ഫോമില്ലായ്‌മയുടെ പേരില്‍ മറ്റൊരു താരം അസാദ് ഷഫീഖിനെയും പരിഗണിച്ചില്ല. പാകിസ്ഥാനായി 77 ടെസ്റ്റ് കളിച്ചിട്ടുള്ള താരമാണ്. 

വെറും ചിത്രപ്പണികളല്ല! ഓസീസ് ഇന്ത്യക്കെതിരെ കളിക്കുക ചരിത്രം വിളിച്ചോതുന്ന ജഴ്‌സിയുമായി

ബാബ‍‍ർ അസമാണ് ക്യാപ്റ്റൻ. ഇമാമുൽ ഹഖ്, ഫഖർ സമാൻ, അസർ അലി, ഹൈദർ അലി, ഹാരിസ് സുഹൈൽ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, സുഹൈൽ ഖാൻ, സ‍‍ർഫ്രാസ് അഹമ്മദ്, ഇമാസിദ് വാസിം, യാസിർ ഷാ തുടങ്ങിയവർ ടീമിലുണ്ട്. ന്യൂസിലൻഡിൽ മൂന്ന് ട്വന്റി 20യും രണ്ട് ടെസ്റ്റുമാണ് പാകിസ്ഥാൻ ടീം കളിക്കുക. ടീം ഈമാസം 23ന് ന്യൂസിലൻഡിലേക്ക് പുറപ്പെടും. ന്യൂസിലൻഡിൽ എത്തിയതിന് ശേഷം താരങ്ങൾ പതിനാല് ദിവസം ക്വാറന്റീൽ കഴിയും.

ഇന്ത്യക്കെതിരെ സര്‍പ്രൈസ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസീസ്; അഞ്ച് അണ്‍ക്യാപ്‌ഡ് താരങ്ങള്‍!