അയർലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യ 34 റൺസിന്‍റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ചയാണ് തിരിച്ചടിയായത്.

ബെല്‍ഫാസ്റ്റ്: ഇന്ത്യൻ ടി20 ടീമിലെ ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയ്ക്കും മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. യുവ ഓപ്പണർ വൈഭവ് സൂര്യവംശി ഏത് നിമിഷവും ടീമിലേക്ക് കടന്നുവരാൻ തയാറായി തൊട്ടുപിന്നാലെ നില്‍ക്കുന്നുണ്ടെന്നും അതിനാൽ ഇരുവരും തങ്ങളുടെ സ്ഥാനങ്ങൾ അത്ര സുരക്ഷിതമാണെന്ന് കരുതരുതെന്നും മഞ്ജരേക്കർ വ്യക്തമാക്കി. സോണി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയർലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യ 34 റൺസിന്‍റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ചയാണ് തിരിച്ചടിയായത്. ഇതോടെ ജൂൺ 28 ഞായറാഴ്ച നടക്കുന്ന രണ്ടാം ടി20യിൽ വൈഭവ് സൂര്യവംശിയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് സഞ്ജുവിനും അഭിഷേകിനും മുന്നറിയിപ്പുമായി മഞ്ജരേക്കര്‍ രംഗത്തെത്തിയത്. സഞ്ജു സാംസൺ വരും മത്സരങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. കാരണം വൈഭവ് സൂര്യവംശി സഞ്ജുവിന്‍റെയും അഭിഷേക് ശർമ്മയുടെയും തൊട്ടുപിന്നാലെയുണ്ട്. ഒരു ചെറിയ പിഴവ് പോലും ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയേക്കാമെന്നും മഞ്ജരേക്കര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യവംശി ആദ്യ മത്സരത്തിൽ കളിച്ചിരുന്നെങ്കിൽ പോലും കളിയിലെ ഫലം മാറുമായിരുന്നില്ലെന്ന് മഞ്ജരേക്കർ കൂട്ടിച്ചേർത്തു. നിലവിൽ ഓപ്പണിംഗ് സ്ഥാനങ്ങൾ സഞ്ജുവിനും അഭിഷേകിനും ഉള്ളതാണ്. വലിയൊരു സ്കോർ പിന്തുടരുമ്പോൾ ആദ്യ പവർപ്ലേ ഓവറുകളിൽ ചെയ്യേണ്ട കാര്യങ്ങൾ ഒരുപക്ഷേ അഭിഷേകിനേക്കാൾ അല്പം കൂടി മെച്ചപ്പെട്ട രീതിയിൽ ചെയ്യാൻ സൂര്യവംശിക്ക് കഴിഞ്ഞേക്കുമായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

2026 ടി20 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ് അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ തിളങ്ങാനായില്ല. നാല് പന്തിൽ വെറും 5 റൺസ് മാത്രമാണ് മലയാളി താരം നേടിയത്. ടി20 ലോകകപ്പ് നേടിയ ഓപ്പണിംഗ് സഖ്യത്തെ നിലനിർത്താൻ മാനേജ്മെന്‍റ് തീരുമാനിച്ചതുകൊണ്ടാണ് സൂര്യവംശിക്ക് ആദ്യ മത്സരത്തിൽ ബെഞ്ചിലിരിക്കേണ്ടി വന്നത്. കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് അടിച്ചുകൂട്ടി റെക്കോർഡ് ഫോമിലാണ് സൂര്യവംശി ഇപ്പോൾ ഉള്ളത്. ഞായറാഴ്ച നടക്കുന്ന നിർണായകമായ രണ്ടാം ടി20-ൽ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോ, അതോ സഞ്ജുവും അഭിഷേകും തുടരുമോ എന്നാണ് ആരാധകര്‍ ഇപ്പോൾ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക