സീസണില്‍ 12-ാം റൗണ്ട് വരെ കാത്തിരിക്കേണ്ടി വന്നു പ്ലേ ഓഫിലേക്ക് ഒരു ടീമിന് കടക്കാൻ

ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലേക്ക് ചുവടുവെച്ചു, ഒപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനേയും പഞ്ചാബ് കിംഗ്‌സിനേയും കൂട്ടി. 12-ാം റൗണ്ട് വരെ കാത്തിരിക്കേണ്ടി വന്നു പ്ലേ ഓഫിലേക്ക് ഒരു ടീമിന് കടക്കാൻ. ഇനി അവശേഷിക്കുന്നത് ഓരേ ഒരു സ്ഥാനമാണ്. പോരാടുന്നത് മൂന്ന് ടീമുകളും. മുംബൈ ഇന്ത്യൻസ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇവരുടെ സാധ്യതകള്‍ എത്രത്തോളമാണ്, പരിശോധിച്ചുവരാം.

മുംബൈ ഇന്ത്യൻസ്. ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം. പിന്നീട് തുടര്‍ച്ചയായി ആറ് ജയത്തിന് ശേഷമായിരുന്നു ഒരു പരാജയം മുംബൈ രുചിച്ചത്. 12 കളികളില്‍ നിന്ന് ഏഴ് ജയമടക്കം 14 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാര്‍. നെറ്റ് റണ്‍റേറ്റ് 1.156, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചത്. സീസണില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ഒന്നാണിത്.

മുംബൈക്ക് ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍, എതിരാളികള്‍ ഡല്‍ഹിയും പഞ്ചാബും. ഡല്‍ഹിക്കെതിരായ മത്സരം ബുധനാഴ്ച ഹോം മൈതാനമായ വാംഖഡയിലാണ്. പഞ്ചാബിനെതിരായ മത്സരം മേയ് 26ന് ജയ്‌പൂരില്‍ വെച്ചും. ഡല്‍ഹിയെ പരാജയപ്പെടുത്തിയാല്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യത കൂടുതല്‍ സജീവമാകുകയും ചെയ്യും. ജയം മുംബൈക്ക് 16 പോയിന്റ് നേടിക്കൊടുക്കും. നെറ്റ് റണ്‍റേറ്റിന്റെ ആനൂകുല്യവും മുംബൈയെ തുണയ്ക്കും.

ഡല്‍ഹിയോട് പരാജയപ്പെടുകയും പഞ്ചാബിനോട് ജയിക്കുകയും ചെയ്താലും മുംബൈക്ക് സാധ്യതയുണ്ട്. ഡല്‍ഹിയുടെ അവസാന മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ഇത്. രണ്ട് കളികളും പരാജയപ്പെടുകയാണെങ്കില്‍ മുംബൈ പുറത്താകും. ഇനി രണ്ടും ജയിക്കുകയാണെങ്കില്‍ ആദ്യ രണ്ട് സ്ഥാനത്തിലേക്കുള്ള അവസരമൊരുങ്ങും, ഗുജറാത്ത്, ബാംഗ്ലൂര്‍, പഞ്ചാബ് ടീമുകളെ ഫലം ഇതില്‍ നിര്‍ണായകമാകും.

ഇനി ഡല്‍ഹി ക്യാപിറ്റല്‍സ്. 12 കളികളില്‍ നിന്ന് ആറ് ജയമുള്ള ഡല്‍ഹിക്ക് 13 പോയിന്റാണുള്ളത്. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ നെറ്റ് റണ്‍റേറ്റ് 0.260 ആണ്. അവശേഷിക്കുന്ന മത്സരങ്ങള്‍ മുംബൈയും പഞ്ചാബുമായി. മുംബൈക്കെതിരായ മത്സരം ഡല്‍ഹിക്ക് ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ ഉപേക്ഷിക്കേണ്ടി വരും. 

മുംബൈയെ കീഴടക്കുകയാണെങ്കില്‍ അവസാന നാലിലേക്ക് അടുക്കാനാകും. ഇതോടെ പതിനഞ്ച് പോയിന്റാകും ഡല്‍ഹിക്ക്. പഞ്ചാബിനേയും പരാജയപ്പെടുത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. 17 പോയിന്റോടെ പ്ലേ ഓഫിലെത്തും. മുംബൈയുടേയും ലക്നൗവിന്റേയും സാധ്യതകള്‍ ഇതോടെ അവസാനിക്കുകയും ചെയ്യും.

മുംബൈയോട് ജയിക്കുകയും പഞ്ചാബിനോട് പരാജയപ്പെടുകയും ചെയ്യുകയാണെങ്കിലും നേരിയ സാധ്യത ഡല്‍ഹിക്കുണ്ട്. അതിന് പഞ്ചാബിന്റെയും ലക്നൗവിന്റേയും സഹായം ആവശ്യമാണ്. അവസാന മത്സരത്തില്‍ മുംബൈയെ പഞ്ചാബ് പരാജയപ്പെടുത്തണം. ഇതോടെ 15 പോയിന്റ് നേടി കുതിക്കാം, ലക്നൗ ഒരു മത്സരം പരാജയപ്പെടുകയും വേണം. മികച്ച ഫോമിലുള്ള ടീമുകളാണ് മുംബൈയും പഞ്ചാബും അതുകൊണ്ട് ഫലം പ്രവചനീയമല്ല.

11 കളികളില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് ലക്നൗ. നെറ്റ് റണ്‍റേറ്റ് -0.469. ലക്നൗവിന് നേടാനാകുന്ന പരമാവധി പോയിന്റ് 16 ആണ്. മുംബൈക്കിത് പതിനെട്ടും ഡല്‍ഹിക്ക് പതിനേഴുമാണ്. പ്ലേ ഓഫില്‍ കയറിയ മൂന്ന് ടീമുകള്‍ക്കും 17 അല്ലെങ്കില്‍ 18 പോയിന്റ് ഇതിനോടകമുണ്ട്. അതുകൊണ്ട് നാലാം സ്ഥാനം മാത്രമാണ് ലക്നൗവിന് മുന്നിലുള്ളത്.

അവശേഷിക്കുന്ന മത്സരങ്ങളിലെ എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ബെംഗളൂരു, ഗുജറാത്ത്. ഇതില്‍ ഒരു മത്സരം പോലും തോല്‍ക്കാൻ ലക്നൗവിന് സാധിക്കില്ല. തോറ്റാല്‍ പുറത്താണ്. ഹൈദരാബാദ് ഇതിനോടകം പുറത്തായ ടീമാണ്, പക്ഷേ ആദ്യ രണ്ട് സ്ഥാനങ്ങള്‍ക്കായി പോരടിക്കുന്നവരാണ് ബെംഗളൂരുവും ഗുജറാത്തും. അതുകൊണ്ട് കഠിനമാണ് കാര്യങ്ങള്‍.

മൂന്ന് മത്സരം ജയിച്ചാല്‍ മാത്രം പോര മുംബൈയുടേയും ഡല്‍ഹിയുടേയും ഫലങ്ങളേയും ആശ്രയിക്കണം. ഇതിനുപുറമെ ജയങ്ങളെല്ലാം വലിയ മാര്‍ജിനിലുമായിരിക്കണം. മുംബൈ - ഡല്‍ഹി മത്സരം ലക്നൗവിനും നിര്‍‍ണായകമാണ്. ആര് ജയിച്ചാലും അത് വലിയ വ്യത്യാസത്തിലായിരിക്കരുത് ലക്നൗവിന്റെ സാധ്യതകള്‍ നിലനില്‍ക്കാൻ.