പാകിസ്ഥാനുവേണ്ടി സ്പിന്നര്‍മാരായ നോമാന്‍ അലി നാലും സാജിദ് ഖാന്‍ രണ്ടും വിക്കറ്റെടുത്തപ്പോള്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും നാലു വിക്കറ്റുമായി തിളങ്ങി.

ലാഹോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ലാഹോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 93 റണ്‍സിന്‍റെ ആവേശജയം. 277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക നാലാം ദിനം 183 റണ്‍സിന് ഓള്‍ ഔട്ടായി. 54 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 45 റണ്‍സെടുത്ത ഓപ്പണര്‍ റിയാന്‍ റിക്കിള്‍ടണും മാത്രമെ ദക്ഷിണാഫ്രിക്കക്കായി പൊരുതിയുള്ളു. പാകിസ്ഥാനുവേണ്ടി സ്പിന്നര്‍മാരായ നോമാന്‍ അലി നാലും സാജിദ് ഖാന്‍ രണ്ടും വിക്കറ്റെടുത്തപ്പോള്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും നാലു വിക്കറ്റുമായി തിളങ്ങി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 20 മുതല്‍ റാവല്‍പിണ്ടിയില്‍ നടക്കും. സ്കോര്‍ പാകിസ്ഥാന്‍ 378, 167, ദക്ഷിണാഫ്രിക്ക 269, 183.

277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ക്രീസിലെത്തിയത്. 29 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും 16 റണ്‍സോടെ ടോണി ഡി സോര്‍സിയുമായിരുന്നു ക്രീസില്‍. എന്നാല്‍ തലേന്നത്തെ സകോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പെ ടോണി ഡി സോര്‍സിയെ(16) മടത്തിയ ഷഹീന്‍ അഫ്രീദിയാണ് ദക്ഷിണാഫ്രിക്കക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്സ്(2) കൂടി മടങ്ങിയതോടെ 55-4 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക പതറി.

Scroll to load tweet…

ആറ് ഫോറും രണ്ട് സിക്സും പറത്തി തകര്‍ത്തടിച്ച ഡെവാള്‍ഡ് ബ്രെവിസും റിക്കിള്‍ടണും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 128 റണ്‍സിലെത്തിച്ച് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ബ്രെവിസിനെ(54) ബൗള്‍ഡാക്കിയ നോമാന്‍ അലി പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. പിന്നാലെ റിക്കിള്‍ടണും(45) വീണതോടെ ദക്ഷിണാഫ്രിക്ക തോല്‍വി ഉറപ്പിച്ചു. കെയ്ൽ വെറൈനെയുടെ(19)യും സൈമണ്‍ ഹാര്‍മറുടെയും(14) പോരാട്ടത്തിന് പിന്നീട് തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക