ഇന്ത്യയിൽ നടക്കുന്ന 2026 ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയതിന് പിന്നാലെ, പാകിസ്ഥാനും ടൂർണമെൻ്റ് ബഹിഷ്കരിക്കണമെന്ന് മുൻ നായകൻ റാഷിദ് ലത്തീഫ് ആവശ്യപ്പെട്ടു. ഇന്ത്യ-പാക് മത്സരമില്ലെങ്കിൽ ലോകകപ്പിന്റെ മൂല്യം കുറയുമെന്നും ലത്തീഫ്. 

ലഹോർ: ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2026ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയ സാഹചര്യത്തിൽ, ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് മുൻ പാക് നായകൻ റാഷിദ് ലത്തീഫ്. ഐസിസിയുടെ നിലവിലെ പ്രവർത്തനരീതിയെ ചോദ്യം ചെയ്യാനുള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ലോകകപ്പിന്‍റെ 50 ശതമാനം മൂല്യവും നഷ്ടപ്പെടും. ലോകകപ്പ് തന്നെ സ്തംഭിപ്പിക്കാൻ പാകിസ്ഥാന് സാധിക്കും' എന്ന് ലത്തീഫ് പറഞ്ഞു. നിലവിലെ ക്രിക്കറ്റ് ക്രമത്തെ വെല്ലുവിളിക്കാൻ ഇതിലും നല്ലൊരു അവസരം പാകിസ്ഥാന് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിന്‍റെ സുരക്ഷാ ആശങ്കകൾ ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഐസിസി എങ്ങനെയാണ് ഇന്ത്യയിൽ ഒരു അപകടവുമില്ലെന്ന് ഉറപ്പുനൽകുന്നത്? ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ പോലും അത്തരമൊരു ഉറപ്പ് നൽകാൻ ആർക്കും സാധിക്കില്ല' എന്ന് അദ്ദേഹം ഐസിസിയെ വിമർശിച്ചു. ലോകകപ്പ് ബഹിഷ്കരിച്ചാൽ പാകിസ്ഥാനെതിരെ ഭാവിയിൽ ഐസിസി നടപടികൾ എടുത്തേക്കാം. എന്നാൽ വെറും വാക്കുകൾ കൊണ്ട് കാര്യമില്ലെന്നും ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന് കാണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐയുടെയും ഐസിസിയുടെയും തീരുമാനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അമിത് ഷാ മുതൽ ജയ് ഷാ വരെ ഇതിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലെ സാഹചര്യം

ഐസിസി നൽകിയ 24 മണിക്കൂർ സമയപരിധിക്കുള്ളിൽ മറുപടി നൽകാത്തതിനെത്തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്‍റിൽ നിന്ന് നീക്കം ചെയ്തു. പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്താൻ ഐസിസി തീരുമാനിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്‍റെ ആവശ്യങ്ങളെ ഐസിസി യോഗത്തിൽ പിന്തുണച്ച ഏക രാജ്യം പാകിസ്ഥാനാണ്. എന്നാൽ ലോകകപ്പ് ബഹിഷ്കരിക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല.

പാകിസ്ഥാന്‍റെ മത്സരങ്ങളെല്ലാം ഇന്ത്യയ്ക്ക് പുറത്ത് ശ്രീലങ്കയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാലും ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് പിന്മാറണമെന്ന സമ്മർദ്ദം പാകിസ്താനിൽ ശക്തമാണ്.