വനിതാ ഏകദിന ലോകകപ്പില്‍ നിന്ന് ഒരു ജയം പോലും നേടാനാവാതെ പാകിസ്ഥാന്‍ പുറത്തായി. ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രം നേടിയ ടീം പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

കൊളംബൊ: പാകിസ്ഥാന്‍ വനിതാ ഏകദിന ലോകകപ്പില്‍ നിന്ന് മടങ്ങുന്നത് ഒരു ജയം പോലും നേടാനാവാതെ. ഇന്ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ പാകിസ്ഥാന്റെ അക്കൗണ്ടിലുള്ളത് മൂന്ന് പോയിന്റ് മാത്രം. ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടു. മൂന്ന് മത്സങ്ങള്‍ മഴയെ തുടര്‍ന്ന് മുടങ്ങി. അതില്‍ നിന്ന് ലഭിച്ച ഓരോ പോയിന്റുകളാണ് ആകെ സമ്പാദ്യം. നേരത്തെ ലോകകപ്പില്‍ നിന്ന് പുറത്തായ പാകിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. അവര്‍ക്ക് പിന്നില്‍ ഒരു മത്സരം കുറച്ച് കളിച്ച ബംഗ്ലാദേശ്. പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു. ഇന്ത്യക്കെതിരെയാണ് ബംഗ്ലാദേശിന്റെ അവസാന മത്സരം.

ഇന്നലെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരും നേരത്തെ സെമി ഫൈനലിലെത്തിയ ടീമുകളാണ്. ഈ നാല് ടീമുകളും ആറ് മത്സങ്ങള്‍ വീതം പൂര്‍ത്തിയാക്കി. 11 പോയിന്റുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്. തോല്‍വി അറിയാതെ മുന്നേറുന്ന ഓസീസ് അഞ്ച് മത്സങ്ങളില്‍ 11 പോയിന്റാണ് നേടിയത്. അഞ്ച് മത്സരം ജയിച്ചപ്പോള്‍ ഒരു മത്സരത്തിന് മഴയെ തുടര്‍ന്ന് ഫലമുണ്ടായില്ല. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ് തുടങ്ങിയ ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. പിന്നീട് അവര്‍ തോറ്റതുമില്ല. അഞ്ച് ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക 10 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.

നാല് ജയം നേടിയ ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. നാല് ജയമാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ടീം പരാജയപ്പെടുകയും ചെയ്തു. നാലാം സ്ഥാനത്ത് ഇന്ത്യ. മൂന്ന് വീതം ജയവും തോല്‍വിയുമാണ് ഇന്ത്യക്ക്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരോടാണ് ഇന്ത്യ പരാജയപ്പെട്ടത്. ശ്രീലങ്ക അഞ്ചാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ അഞ്ച് പോയിന്റാണ് ലങ്കയ്ക്ക്. ഒരു മത്സരത്തില്‍ മാത്രമാണ് ടീം ജയിച്ചത്. മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല. ലങ്ക, എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.

ന്യൂസിലന്‍ഡ് ആറാം സ്ഥാനത്താണ് നിലവില്‍. അവര്‍ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇംഗ്ലണ്ടാണ് എതിരാളി. ഒരു മത്സരം മാത്രം ജയിച്ച കിവീസ് മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല. അവര്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍. ബംഗ്ലാദേശ് ഏറ്റവും അവസാന സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ ഒരു ജയവും അഞ്ച് തോല്‍വിയുമാണ് ബംഗ്ലാദേശിന്.

YouTube video player