ആഷസ് പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. പുറം വേദനയെ തുടർന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് ആദ്യ ടെസ്റ്റ് നഷ്ടമാകും, പരമ്പര മുഴുവൻ നഷ്ടമാകാനും സാധ്യതയുണ്ട്. 

സിഡ്‌നി: ആഷസ് പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് കളിക്കാന്‍ ആവില്ല. പരിക്കിനെ തുടര്‍ന്ന് അദ്ദേഹം പുറത്തിരിക്കും. ആദ്യ ടെസ്റ്റ് മാത്രമല്ല, പരമ്പര മുഴുവന്‍ കമ്മിന്‍സിന് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ച നടത്തിയ പുതിയ സ്‌കാനിംഗില്‍ കമ്മിന്‍സിന്റെ പുറം വേദന ഭേദമായിട്ടില്ലെന്ന് തെളിഞ്ഞു. പരമ്പരയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് കമ്മിന്‍സ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ നിന്നൊഴിവാക്കിയതായി പിന്നാലെ റിപ്പോര്‍ട്ട് വന്നു.

കമ്മിന്‍സ് പുറത്തായതോടെ, ആദ്യ മത്സരത്തില്‍ സ്റ്റീവ് സ്മിത്ത് താല്‍ക്കാലിക ക്യാപ്റ്റനായി ചുമതലയേല്‍ക്കും. കമ്മിന്‍സ് കളിക്കുമോ ഇല്ലയോ എന്നറിയാന്‍ ഈ വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ടി വരും. എന്നാല്‍ ഓസീസ് പേസറുടെ പരിക്കിനെ കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചിട്ടില്ല. പരമ്പരയുടെ അവസാന ഭാഗത്തേക്ക് കമ്മിന്‍സ് തിരിച്ചെത്തിയേക്കാം, പക്ഷേ അത് ഇപ്പോഴും ഉറപ്പുപറയാനായിട്ടില്ല. പെര്‍ത്തില്‍ ജോഷ് ഹേസല്‍വുഡിനും മിച്ചല്‍ സ്റ്റാര്‍ക്കിനും ഒപ്പം മൂന്നാം സീമറായി സ്‌കോട്ട് ബൊളന്‍ഡ്, കമ്മിന്‍സിന്റെ സ്ഥാനത്തേക്ക് കയറും.

2018 മുതല്‍ കൈവശം വച്ചിരിക്കുന്ന ആഷസ് കിരീടം നിലനിര്‍ത്താനാണ് ഓസ്‌ട്രേലി ശ്രമിക്കുക. സ്‌ട്രൈക്ക് ബൗളര്‍ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കമ്മിന്‍സിന്റെ നഷ്ടം ഓസ്ട്രേലിയയ്ക്ക് ഒരു പ്രധാന തിരിച്ചടിയാണ്. 2011 ന് ശേഷം ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ഇംഗ്ലണ്ടിന്, ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളെ നേരിടേണ്ടി വരില്ല എന്നുള്ളത് ആശ്വാസകരമാണ്. എല്ലാ ഫോര്‍മാറ്റുകളിലും പന്തെറിഞ്ഞതിന്റെ തുടര്‍ച്ചയായാണ് കമ്മിന്‍സിന് പരിക്കേറ്റത്. ജോലിഭാരം ഉണ്ടായിരുന്നിട്ടും, കാലക്രമേണ സുഖം പ്രാപിക്കാന്‍ കഴിയുമെന്ന് ക്യാപ്റ്റന്‍ സമീപ ആഴ്ചകളില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

നേരത്തെ, ആഷസിനെ കുറിച്ച് കമ്മിന്‍സ് സംസാരിച്ചിരുന്നു. ''ആഷസിന് വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കിരീടം നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തും.'' കമ്മിന്‍ വ്യക്തമാക്കി. നവംബര്‍ 21 വെള്ളിയാഴ്ച്ചയാണ് ആഷസ് ആരംഭിക്കുന്നത്.

YouTube video player