മാഡം, നിങ്ങള്‍ മാക്സ്‌വെല്ലിനെ വിവാഹം കഴിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ടീമിനായി അദ്ദേഹം മികച്ച പ്രകടനം നടത്തുമായിരുന്നു എന്നായിരുന്നു പ്രീതി സിന്‍റയോട് ആരാധകന്‍റെ കമന്‍റ്.  

ചണ്ഡീഗഡ്: ഐപിഎല്ലില്‍ പ്ലേ ഓഫിലെക്ക് ഒരു കാലെടുത്തുവെച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ്. മുന്‍ സീസണുകളിലെ നിരാശക്കുശേഷം ഇത്തവണ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ മിന്നുന്ന പ്രകടനം നടത്തിയ പഞ്ചാബ് 11 കളികളില്‍ 15 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍.വിദേശ താരങ്ങളെക്കാള്‍ സ്വദേശി താരങ്ങളുടെ മികവിലാണ് ഇത്തവണ പഞ്ചാബിന്‍റെ മുന്നേറ്റം. ടീമിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന വിദേശ താരം ഗ്ലെന്‍ മാക്സ്‌വെല്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ സീസണുകളിലേതുപോലെ ഇത്തവണയും മാക്സ്‌വെല്‍ നിരാശപ്പെടുത്തി. ഐപിഎല്ലിനിടെ പരിക്കേറ്റ് മടങ്ങുകയും ചെയ്തു.

ഇതിനിടെ കഴിഞ്ഞ ദിവസം പഞ്ചാബ് ടീം സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്‍റ എക്സില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന്‍ മാക്സ്‌വെല്ലിന്‍റെ മോശം ഫോമിനെക്കുറിച്ച് ചോദിച്ചത് താരത്തെ ചൊടിപ്പിച്ചു. മാഡം, നിങ്ങള്‍ മാക്സ്‌വെല്ലിനെ വിവാഹം കഴിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ടീമിനായി മാക്സ്‌വെല്‍ മികച്ച പ്രകടനം നടത്തുമായിരുന്നു എന്നായിരുന്നു പ്രീതി സിന്‍റയോട് ആരാധകന്‍റെ കമന്‍റ്.

എന്നാല്‍ ഇതിന് മറുപടിയായി പ്രീതി കുറിച്ചത്, നിങ്ങള്‍ ഒര പുരുഷ ടീം ഉടമയോട് ഇക്കാര്യം ചോദിക്കുമോ എന്നായിരുന്നു. നിങ്ങൾ ഇതേ ചോദ്യം ഒരു പുരുഷ ടീം ഉടമയോട് ചോദിക്കുമോ, അതോ ഇത് സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനമാണോ.ക്രിക്കറ്റിലെത്തുന്നതുവരെ കോര്‍പറേറ്റ് ലോകത്ത് സ്ത്രീകള്‍ക്ക് വിജയിക്കാന്‍ ഇത്രയും ബുദ്ധിമുട്ടാണെന്ന് എനിക്കറിയില്ലായിരുന്നു.നിങ്ങള്‍ തമാശയായി ചോദിച്ചതാണെന്ന് എനിക്കറിയാം.പക്ഷെ നിങ്ങള്‍ ചോദിച്ച ചോദ്യത്തിലെ പ്രശ്നം നിങ്ങള്‍ക്ക് ഇപ്പോഴെങ്കിലും മനസിലായി കാണുമെന്ന് കരുതുന്നു.അത് ശരിയല്ലെന്നും. കഠിനാധ്വാനം ചെയ്ത് തന്നെയാണ് കഴിഞ്ഞ 18 വര്‍ഷമായി ഞാനീ മേഖലയില്‍ പിടിച്ചു നില്‍ക്കുന്നത്, അതിന്‍റേതായാ ഒരു ബഹമാനമെങ്കിലും തരൂ, അല്ലാതെ ലിംഗ വിവേചനം പുറത്തെടുക്കുകയല്ല ചെയ്യേണ്ടത്, നന്ദി-പ്രീതി സിന്‍റ കുറിച്ചു.  

Scroll to load tweet…

വിവിധ സീസണുകളിലായി പഞ്ചാബ് കുപ്പായത്തില്‍ 72 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മാക്സ്‌വെല്‍ 1342 റണ്‍സും 17 വിക്കറ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തില്‍ 4.20 കോടി മുടക്കിയാണ് മാക്സ്‌വെല്ലിനെ പഞ്ചാബ് ടീമിലെത്തിച്ചത്.ഈ  സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച മാക്സ്‌വെല്ലിന് ആകെ 48 റണ്‍സും നാലു വിക്കറ്റും മാത്രമാണ് നേടാനായത്.പരിക്കേറ്റ് പുറത്തായ മാക്സ്‌വെല്ലിന് പകരം മറ്റൊരു ഓസീസ് താരമയ മിച്ചല്‍ ഓവനെ പഞ്ചാബ് ടീമിലെടുക്കുകയും ചെയ്തിരുന്നു.