54 പന്തില്‍ 57 റണ്‍സെടുത്ത ജസ്വന്ത് ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ് സ്കോറര്‍. അജയ് രൊഹേറ 53 റണ്‍സെടുത്തു. കേരളത്തിലായി എം ഡി നിധീഷ് നാലു വിക്കറ്റ് വീഴ്ത്തി.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ പുതുച്ചേരിക്കെതിരെ കേരളത്തില്‍ 248 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറില്‍ 247 റണ്‍സിന് ഓള്‍ ഔട്ടായി. 54 പന്തില്‍ 57 റണ്‍സെടുത്ത ജസ്വന്ത് ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ് സ്കോറര്‍. അജയ് രൊഹേറ 53 റണ്‍സെടുത്തു. കേരളത്തിലായി എം ഡി നിധീഷ് നാലു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പുതുച്ചേരിക്ക് ഓപ്പണര്‍മാരായ നെയാന്‍ കനകയ്യനും അരജ് രൊഹറയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. തകര്‍ത്തടിച്ചു തുടങ്ങിയ കനകയ്യനെ(22 പന്തില്‍ 25) വീഴ്ത്തി നിധീഷാണ് കേരളത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രൊഹേറയും ശ്രീരാമും പുതുച്ചേരിയെ 100 കടത്തിയതോടെ കേരളം പ്രതിരോധത്തിലായി. രൊഹേറയെ വീഴ്ത്തിയ അങ്കിത് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ പരമേശ്വരനും(11) ശ്രീരാമും(57) വീണതോടെ പുതുച്ചേരി തകര്‍ന്നടിഞ്ഞു.
വിഘ്നേശ്വരന്‍ മാരിമുത്തു(26),ജെ ജെ യാദവ്(23) എന്നിവര്‍ ചേര്‍ന്ന് പുതുച്ചേരിയെ200 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ അങ്കിത് ശര്‍മയും ഏദന്‍ ആപ്പിള്‍ ടോമും രണ്ട് വിക്കറ്റ് വീതമെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ തകര്‍പ്പന്‍ ജയം നേടിയ ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇന്ന് പുതുച്ചേരിക്കെതിരെ ഇറങ്ങുന്നത്. വിഘ്നേഷ് പുത്തൂരിന് പകരം ബിജു നാരായണന്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
എലൈറ്റ് ഗ്രൂപ്പ് എയില്‍ അഞ്ച് കളികളില്‍ മൂന്ന് ജയവുമായി 12 പോയന്‍റുള്ള കേരളം നിലവില്‍ നാലാം സ്ഥാനത്താണ്. ജാര്‍ഖണ്ഡിനും 12 പോയന്‍റാണെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ നേരിയ മുന്‍തൂക്കത്തിലാണ് ജാര്‍ഖണ്ഡ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. അഞ്ച് കളികളില്‍ നാലു ജയവുമായി 16 പോയന്‍റുള്ള മധ്യപ്രദേശ് രണ്ടാം സ്ഥാനത്തും അഞ്ച് മത്സരങ്ങളും ജയിച്ച് 20 പോയന്‍റുമായി കര്‍ണാടക ഒന്നാമതുമാണ്. പുതുച്ചേരിക്കെതിരെ വമ്പന്‍ ജയം നേടിയാല്‍ കേരളത്തിന് റണ്‍റേറ്റില്‍ ജാര്‍ഖണ്ഡിനെ മറികടക്കാം. അഞ്ച് കളികളില്‍ ഒരു ജയം മാത്രമുള്ള പുതുച്ചേരി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ത്രിപുര, തമിഴ്നാട്, രാജസ്ഥാന്‍ ടീമുകളാണ് പുതുച്ചേരിക്ക് പുറമെ കേരളത്തിന് പിന്നിലായുള്ളത്.


