നേരത്തെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കോര്‍ബിൻ ബോഷ് പിഎഎസ്എല്‍ കരാര്‍ ലംഘിച്ച് ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിലെത്തിയതോടെ പകരക്കാരനായാണ് ഓവന്‍ പെഷവാര്‍ സാല്‍മിയിലെത്തിയത്.
ചണ്ഡീഗഡ്: ഐപിഎല്ലിൽ പരിക്കേറ്റ് പുറത്തായ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാർ സാല്‍മി താരമായ ഓസ്ട്രേലിയയുടെ മിച്ചല്‍ ഓവനാണ് മാക്സ്‌വെല്ലിന്‍റെ പകരക്കാരനായി ടീമിലെത്തുന്നത്. ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെ ടോപ് സ്കോററും പെഷവാര്‍ സാല്‍മിയില്‍ ബാബര്‍ അസമിന്‍റെ സഹതാരവുമാണ് മിച്ചല്‍ ഓവൻ.
മൂന്ന് കോടി രൂപക്കാണ് ഓവനെ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചത്. ഈ സീസണില്‍ മോശം ഫോമിലായിരുന്നു ഗ്ലെന്‍ മാക്സ്‌വെല്‍ വിരലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായത്. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കേൻസിനായി കളിച്ച ഓവൻ 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 452 റണ്‍സടിച്ചാണ് ടോപ് സ്കോററായത്. കരിയറില്‍ ഇതുവരെ 34 ടി20 മത്സരങ്ങളില്‍ കളിച്ച ഓവന്‍ രണ്ട് സെഞ്ചുറി അടക്കം 646 റണ്‍സും 10 വിക്കറ്റും നേടിയിട്ടുണ്ട്.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കോര്‍ബിൻ ബോഷ് പിഎഎസ്എല്‍ കരാര്‍ ലംഘിച്ച് ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിലെത്തിയതോടെ പകരക്കാരനായാണ് ഓവന്‍ പെഷവാര്‍ സാല്‍മിയിലെത്തിയത്. ഇപ്പോള്‍ ഓവനും ഐപിഎല്ലിലേക്ക് കൂടുമാറുന്നത് പെഷവാര്‍ സാല്‍മിയ്ക്ക് കനത്ത തിരിച്ചടിയാകും. എന്നാല്‍ പി എസ് എല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമെ ഓവന്‍ പഞ്ചാബ് കിംഗ്സിനൊപ്പം ചേരൂ എന്നും സൂചനയുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗീല്‍ ഏഴ് കളികലില്‍ മൂന്ന് ജയവും നാലു തോല്‍വിയുമായി പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പെഷവാര്‍ സാല്‍മി.
വലം കൈയന്‍ ബാറ്ററും മീഡിയം പേസറുമായ ഓവൻ പെഷവാര്‍ സല്‍മിക്കായി ഈ സീസണില്‍ 200ലേറെ റൺസും രണ്ട് വിക്കറ്റും നേടി. ഈ വര്‍ഷം ബിഗ് ബാഷ് ലീഗില്‍ രണ്ട് സെഞ്ചുറി നേടിയതോടെയാണ് ഓവന്‍ ശ്രദ്ധിക്കപ്പെട്ടത്. സിഡ്നി തണ്ടേഴ്സിനെതിരെ 64 പന്തില്‍ 101 റണ്‍സും ഫൈനലില്‍ സിഡ്നി തണ്ടേഴ്സിനെതിരെ തന്നെ 42 പന്തില്‍ 108 റണ്‍സും ഓവന്‍ നേടിയിരുന്നു. എന്നാല്‍ ഐപിഎല്‍ മെഗാ താരലേലത്തില്‍ ഓവനെ ആരും ടീമിലെടുത്തിരുന്നില്ല.


