പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സടിച്ച പഞ്ചാബ് 10 ഓവറില്‍ 100 റണ്‍സിലെത്തി. 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പ്രഭ്‌സിമ്രാൻ പിന്നീട് ലക്നൗ ബൗളര്‍മാരെ പ്രഹരിച്ചു.
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് 237 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പ്രഭ്‌സിമ്രാന്‍ സിംഗിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. 48 പന്തില്‍ 91 റണ്‍സെടുത്ത പ്രഭ്‌സിമ്രാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25 പന്തില്‍ 45 റണ്‍സടിച്ചപ്പോള്‍ ജോഷ് ഇംഗ്ലിസ് 14 പന്തില്‍ 30ഉം ശശാങ്ക് സിംഗ് 15 പന്തില്‍ 33ഉം റണ്‍സെടുത്തു. ലക്നൗവിനായി ആകാശ് മഹാരാജ് സിംഗും ദിഗ്‌വേഷ് റാത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ക്രീസിലിറിങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഫോമിലുള്ള ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ(1) ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ആകാശ് മഹാരാജ് സിംഗ് മടക്കിയതോടെ പഞ്ചാബ് ഞെട്ടി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാനും ജോഷ് ഇംഗ്ലിസും തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേ പവറാക്കി. അഞ്ചാം ഓവറില്‍ 50 കടന്നതിന് പിന്നാലെ ഇംഗ്ലിസ്(30) മടങ്ങിയെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മോശമാക്കിയില്ല.
പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സടിച്ച പഞ്ചാബ് 10 ഓവറില്‍ 100 റണ്‍സിലെത്തി. 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പ്രഭ്‌സിമ്രാൻ പിന്നീട് ലക്നൗ ബൗളര്‍മാരെ പ്രഹരിച്ചു. പതിമൂന്നാം ഓവറില്‍ ദിഗ്‌വേഷ് റാത്തി ശ്രേയസ് അയ്യരെ(25 പന്തില്‍ 45) വീഴ്ത്തിയെങ്കിലും അടിതുടര്‍ന്ന പ്രഭ്‌സിമ്രാൻ ദിഗ്‌വേഷ് റാത്തിയെറിഞ്ഞ പതിനഞ്ചാം ഓവറില്‍ 17 റണ്‍സടിച്ചു. പതിനാറ് ഓവരില്‍ 171 റണ്‍സിലെത്തിയ പഞ്ചാബ് അവസാന നാലോവറില്‍ 65 റണ്‍സാണ് അടിച്ചു കൂട്ടിയത്.
മായങ്ക് യാദവിന്‍റെ പതിനേഴാം ഓവറില്‍ 15ഉം ആവേശ് ഖാന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 26ഉം റണ്‍സടിച്ച പ്രഭ്‌സിമ്രാൻ അഥിവേഗം 90കളിലെത്തി പഞ്ചാബിനെ 200 കടത്തി. പത്തൊമ്പതാം ഓവറില്‍ സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ പുറത്തായെങ്കിലും അടിതുടര്‍ന്ന ശശാങ്ക് സിംഗ് അവസാന ഓവറില്‍ 18 റണ്‍സ് കൂടി നേടി പഞ്ചാബിനെ 236 റണ്‍സിലെത്തിച്ചു. ശശാങ്ക് സിംഗ് 15 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മാര്‍ക്കസ് സ്റ്റോയ്നിസ് അഞ്ച് പന്തില്‍ 15 റൺസുമായി പുറത്താകാതെ നിന്നു. ആവേശ് ഖാന്‍ നാലോവറില്‍ 57 റണ്‍സ് വഴങ്ങിയപ്പോള്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ആകാശ് മഹാരാജ് സിംഗാണ് ലക്നൗവിനായി ബൗളിംഗില്‍ തിളങ്ങിയത്.


