ജൊഹാനസ്ബര്‍ഗ്: ക്വിന്റണ്‍ ഡീ കോക്കിനെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിന്റെ നായകനാക്കില്ലെന്ന് ക്രിക്കറ്റ് സൌത്താഫ്രിക്ക ഡയറക്ടര്‍ ഗ്രെയിം സ്മിത്ത്. ഫാഫ് ഡൂപ്ലെസിക്ക് പകരം ഡീ കോക്കിനെ ഏകദിന, ടി20 നായകനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ടെസ്റ്റില്‍ മറ്റൊരു നായകനെയാണ് ക്രിക്കറ്റ് സൌത്താഫ്രിക്ക നിയോഗിക്കുകയെന്ന് സ്മിത്ത് പറഞ്ഞു.

ഡീ കോക്ക് ഞങ്ങളുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ നായകനാണ്. ടെസ്റ്റില്‍ ഡൂപ്ലെസിയുടെ പകരക്കാരനായി പുതിയൊരാളെയാണ് തേടുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു കളിക്കാരനെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും സാധ്യതയുള്ളവര്‍ കുറച്ചുപേരുണ്ടെന്നും സ്മിത്ത് പറഞ്ഞു. ടെസ്റ്റിലെ നായകസ്ഥാനത്തിന്റെ കൂടി ഭാരം ഡി കോക്കിന് നല്‍കി അദ്ദേഹത്തെ തളര്‍ത്താനാവില്ലെന്നം കൂടുതല്‍ ഫ്രഷ് ആയി നില്‍ക്കാനാണ് ഏകദിന, ടി20 നായകസ്ഥാനം മാത്രം ഡീ കോക്കിനെ ഏല്‍പ്പിക്കുന്നതെന്നും സ്മിത്ത് വ്യക്തമാക്കി.

Also Read: അതിസാഹസികം, സഞ്ജു കാണിച്ച മായാജാലം ഏറ്റെടുത്ത് സ്മിത്ത്; ഇരുവരും രാജസ്ഥാന്‍ റോയല്‍സിന്റെ പറവകള്‍- വീഡിയോ

ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ടീമിലെ ഏതെങ്കിലും പുതുമുഖത്തിന് നല്‍കുമെന്ന സൂചനയും സ്മിത്ത് നല്‍കി. അല്‍പം റിസ്കെടുക്കാന്‍ തയാറെന്നും തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും സ്മിത്ത് പറഞ്ഞു. ആര്‍ക്കാണ് നേതൃഗുണവും മറ്റ് കളിക്കാരുടെ ബഹുമാനവും ലഭിക്കുന്നത് എന്നാണ് ഞങ്ങള്‍ നോക്കുന്നത്. അതിനുശേഷമായിരിക്കും നായകനെ തെരഞ്ഞെടുക്കുകയെന്നും സ്മിത്ത് പറഞ്ഞു. 

Also Read: അടുത്തകാലത്തൊന്നും വിരമിക്കാന്‍ തീരുമാനമായില്ല; ഫാഫ് ഡു പ്ലെസി കരാര്‍ പുതുക്കി

22-ാം വയസില്‍ പുതുമുഖമായിരിക്കുമ്പോഴാണ് സ്മിത്ത് ദക്ഷിണാഫ്രിക്കയുടെ നായകനായത്. ക്രിക്കറ്റ് ഡയറക്ടര്‍ സ്ഥാനത്ത് സ്മിത്തിന്റെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടിയിരുന്നു. ഡൂപ്ലെസിക്ക് പകരം യുവതാരങ്ങളായ ടെംബ ബാവുമയോ, ഏയ്ഡന്‍ മാര്‍ക്രമോ നായകനാകുമെന്ന സൂചനയാണ് സ്മിത്ത് നല്‍കുന്നത്. പരിചയസമ്പത്താണ് കണക്കിലെടുക്കുന്നതെങ്കില്‍ ഡീന്‍ എല്‍ഗാറിനും സാധ്യതയുണ്ട്.