സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഐതിഹാസിക സമനില സമ്മാനിച്ച താരങ്ങളില്‍ ഒരാള്‍ രവിചന്ദ്ര അശ്വിനാണ്. ഏഴാമനായി ക്രീസിലെത്തിയ അശ്വിന്‍, ഹനുമ വിഹാരിക്കൊപ്പം വീരോചിത ചെറുത്തുനില്‍പ്പിലൂടെ ഇന്ത്യക്ക് സമനില നല്‍കുകയായിരുന്നു. പരിക്കിനെ തോല്‍പിച്ചായിരുന്നു അശ്വിന്‍റെ ഇന്നിംഗ്‌സും. 

മത്സരശേഷം അശ്വിന്‍റെ രോഗവിവരങ്ങള്‍ ഭാര്യ പ്രീതി അശ്വിന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. 'കടുത്ത നടുവേദനയോടെയാണ് കഴിഞ്ഞ രാത്രി അശ്വിന്‍ ഉറങ്ങാന്‍ പോയത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഷൂവിന്‍റെ ലെയ്‌സ് കെട്ടാന്‍ കുനിയാനും കഴിയുമായിരുന്നില്ല. എന്നിട്ടും ഇന്ന് അശ്വിന്‍ കാട്ടിയ പ്രകടനം കണ്ട് വിസ്‌മയിച്ചു' എന്നാണ് പ്രീതി അശ്വിന്‍റെ ട്വീറ്റ്. 

ടെസ്റ്റ് കരിയറില്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് സിഡ്‌നി ടെസ്റ്റിന്‍റെ അഞ്ചാംദിനം അശ്വിന്‍ പുറത്തെടുത്തത്. അര്‍ധ സെഞ്ചുറികള്‍ നേടിയ റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും പുറത്തായ ശേഷമായിരുന്നു ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് അശ്വിന്‍റെ ഐതിഹാസിക പ്രതിരോധം. ഇതിനിടെ വിഹാരിക്ക് പേശിവലിവ് വരികയും ചെയ്തു. സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹേസല്‍വുഡ് ത്രയം ശരീരത്തിന് നേര്‍ക്ക് തുടര്‍ച്ചയായി ബൗണ്‍സറുകള്‍ കൊണ്ട് ആക്രമിച്ചെങ്കിലും അശ്വിന്‍ തളര്‍ന്നില്ല. 

ദ്രാവിഡിനുള്ള പിറന്നാള്‍ സമ്മാനം; സിഡ്‌നിയിലെ ഇന്ത്യന്‍ ഹീറോയിസത്തെ വാഴ്‌ത്തിപ്പാടി ഐസിസി

ഇരുവരും ആറാം വിക്കറ്റില്‍ പുറത്താകാതെ 259 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ ഇതില്‍ 39 റണ്‍സ് അശ്വിന്‍റെ സംഭാവനയായിരുന്നു. കടുത്ത പുറംവേദനയ്‌ക്കിടയിലും അശ്വിന്‍ 128 പന്തുകള്‍ പ്രതിരോധിച്ചു. വിഹാരി 161 പന്തില്‍ 23 റണ്‍സെടുത്താണ് പുറത്താകാതെ നിന്നത്. ഇതോടെയാണ് 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 131 ഓവറുകള്‍ അവസാന ഇന്നിംഗ്‌സില്‍ ഔള്‍ഔട്ടാവാതെ പിടിച്ചുനിന്നത്. 

അശ്വിന്‍-വിഹാരി കട്ട ഡിഫന്‍സ്; സിഡ്‌നിയില്‍ ഇന്ത്യക്ക് ജയതുല്യ സമനില