Asianet News MalayalamAsianet News Malayalam

അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ത്യന്‍ കോച്ചിന്‍റെ കാര്യത്തില്‍ തീരുമാനമായി, രാഹുല്‍ ദ്രാവിഡ് പരിശീലകനായി തുടരും

തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും ഫീല്‍ഡിങ് കോച്ചായി ടി ദിലീപും തല്‍സ്ഥാനത്ത് തുടരും.

Rahul Dravid to continue as India head coach till next years T20 World Cup
Author
First Published Nov 29, 2023, 2:09 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും, ലോകകപ്പോടെ കരാര്‍ അവസാനിച്ച ദ്രാവിഡിന്‍റെയും സപ്പോര്‍‍ട്ട് സ്റ്റാഫിന്‍റെയും കരാര്‍ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചു.എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും ദ്രാവിഡിന് പരിശീലകസ്ഥാനത്ത് തുടരാനാകുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്റ തുടങ്ങിയവരെ ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിച്ചിരുന്നു. ദ്രാവിഡ് കോച്ചായി തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും ഫീല്‍ഡിങ് കോച്ചായി ടി ദിലീപും തല്‍സ്ഥാനങ്ങളില്‍ തുടരും. ദ്രാവിഡ് തന്നെ പരിശീലകനായി തുടരുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും അനുകൂല നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും പ്രസിഡന്‍റ് റോജര്‍ ബിന്നിയും ദ്രാവിഡുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പരിശീലക സ്ഥാനത്ത് തുടരാന്‍ ദ്രാവിഡ് സമ്മതിച്ചത്.

ബുമ്രയുടെ പോസ്റ്റിന് കാരണം ലോകകപ്പ് തോൽവിയല്ല, മുംബൈയിലേക്കുള്ള ഹാര്‍ദ്ദക്കിന്‍റെ തിരിച്ചുവരവെന്ന് ശ്രീകാന്ത്

ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റെങ്കിലും തുടര്‍ച്ചയായി പത്ത് ജയങ്ങളുമായി ഇന്ത്യ റെക്കോര്‍ഡിട്ടിരുന്നു.ഇതും ദ്രാവിഡിന് കരാര്‍ നീട്ടി നല്‍കുന്ന കാര്യത്തില്‍ നിര്‍ണായകമായെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ നീട്ടിയതോടെ അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ദ്രാവിഡ് പരിശീലകനായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകുമെന്നുറപ്പായി. ഡിസംബര്‍ ആറിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നത്. മൂന്ന് ടി20കളോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ യാത്ര തുടങ്ങുന്നത്. ഡിസംബര്‍ 10, 12, 14 തിയതികളിലാണ് മത്സരങ്ങള്‍.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.2021ലെ ടി20 ലോകകപ്പ് തോല്‍വിക്ക് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിഞ്ഞതോടെയാണ് ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായത്. രണ്ട് വര്‍ഷത്തെ പരിശീലന കാലയളവില്‍ ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പിലൊഴികെ മറ്റ് കിരീടങ്ങളൊന്നും നേടാന്‍ ദ്രാവിഡിന്‍റെ കീഴില്‍ ഇന്ത്യക്കായിട്ടില്ല. 2022ലെ ടി20 ലോകകപ്പില്‍ സെമിയിലും ഈ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ലോകകപ്പിനുശേഷം ദ്രാവിഡിനും സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചതിനാല്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios