കർണ്ണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തരെ മറികടന്നാണ് ഹരിയാനയ്ക്കൊപ്പം കേരളം സി ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിന് യോഗ്യത നേടിയത്.
പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ജമ്മു കശ്മീരിനെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം തുടങ്ങുന്നത്. ജിയോ സിനിമയില്‍ മത്സരം തത്സമയം കാണാനാകും.
അഞ്ചുവർഷത്തിനു ശേഷമാണ് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ കളിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബിഹാറിനെതിരെ ഇന്നിംഗ്സ് ജയം നേടിയാണ് കേരളം നോക്ക് ഔട്ട് റൗണ്ടില്‍ കടന്നത്. ഗ്രൂപ്പ് സിയില്‍ നിന്ന് 28 പോയന്‍റുമായി രണ്ടാമതായാണ് കേരളം പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. ബിഹാറിനെതിരെ ഇന്നിങ്സ് ജയത്തോടെ ഗ്രൂപ്പിലെ മറ്റ് മൽസരങ്ങൾ അവസാനിക്കും മുൻപെ തന്നെ കേരളത്തിന് ക്വാർട്ടർ ഉറപ്പിക്കാനായിരുന്നു.
'നിങ്ങള്‍ അസ്വസ്ഥനായിട്ട് കാര്യമില്ല, ആളുകള്‍ ചോദ്യം തുടർന്നുകൊണ്ടേയിരിക്കും', രോഹിത്തിനോട് അശ്വിന്‍
കർണ്ണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തരെ മറികടന്നാണ് ഹരിയാനയ്ക്കൊപ്പം കേരളം സി ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിന് യോഗ്യത നേടിയത്. ഏഴ് മൽസരങ്ങളിൽ മൂന്ന് വിജയവും നാല് സമനിലയും നേടിയ കേരളം ഒറ്റ മൽസരത്തിൽപ്പോലും തോൽവി വഴങ്ങിയില്ല. ബാറ്റിങ് - ബൗളിങ് നിരകൾ അവസരത്തിനൊത്തുയർന്നതാണ് സീസണിൽ കേരളത്തിന് കരുത്തായത്.
ഫോമിലുള്ള സൽമാൻ നിസാറിനും, മൊഹമ്മദ് അസറുദ്ദീനുമൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ് കരുത്താണ് കേരളത്തിന്‍റേത്. നിധീഷ് എംഡിയും ബേസിൽ എൻ പിയും,ബേസില്‍ തമ്പിയും ജലജ് സക്സേനയും ആദിത്യ സർവാടെയും അടങ്ങുന്ന പേസ് - സ്പിൻ ബൌളിങ് സഖ്യവും ശക്തം. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് കേരളം ക്വാർട്ടർ ഫൈനലിനിറങ്ങുന്നത്.
മറുവശത്ത് കേരളത്തെപ്പോലെ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരും നോക്കൌട്ടിന് യോഗ്യത നേടിയിരിക്കുന്നത്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീര്‍ ഏഴ് മത്സരങ്ങളില്‍ അഞ്ചു വിജയം നേടി 35 പോയന്‍റുമായാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ ഞെട്ടിച്ചാണ് കശ്മീരിന്‍റെ വരവ്. ആക്വിബ് നബി, യുദ്ധ്വീർ സിങ്, ഉമർ നസീർ എന്നിവരടങ്ങുന്ന പേസ് ബൌളിങ് നിരയാണ് കശ്മീരിന്‍റെ കരുത്ത്. ബാറ്റിങ് നിരയിൽ ശുഭം ഖജൂരിയ അടക്കമുള്ളവരും ഫോമിലാണ്.
ജമ്മു കശ്മീർ പ്ലേയിംഗ് ഇലവൻ: ശുഭം ഖജൂരിയ, യാവർ ഹസ്സൻ, വിവ്രാന്ത് ശർമ, പരസ് ദോഗ്ര (സി), കനയ്യ വാധവാൻ, സാഹിൽ ലോത്ര, ലോൺ നസീർ മുസാഫർ, യുധ്വീർ സിംഗ് ചരക്, ആബിദ് മുഷ്താഖ്, ഔഖിബ് നബി ദാർ, ഉമർ നസീർ മിർ.
കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി (സി), മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, ഷോൺ റോജർ, ആദിത്യ സർവതെ, ബേസിൽ തമ്പി, എം ഡി നിധീഷ്, നെടുമൺകുഴി ബേസിൽ, ജലജ് സക്സേന.
