13 വർഷത്തിന് ശേഷം വിരാട് കോലി രഞ്ജി ട്രോഫിയിൽ കളിക്കുന്നു. ഡൽഹിയിൽ റെയിൽവേസിനെതിരെയാണ് മത്സരം. ആരാധകർക്ക് സ്റ്റേഡിയത്തിൽ സൗജന്യ പ്രവേശനം.

ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 13 വര്‍ഷത്തിനുശേഷം തിരിച്ചെത്തുന്ന വിരാട് കോലിയുടെ പ്രകടനം സൗജന്യമായി നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് സുവര്‍ണാവസരം. 2012ലാണ് വിരാട് കോലി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അവസാനമായി കളിച്ചത്. വീരേന്ദര്‍ സെവാഗിന്‍റെ ക്യാപ്റ്റൻസിയില്‍ ഉത്തര്‍പ്രദേശായിരുന്നു അന്ന് എതിരാളികള്‍. വ്യാഴാഴ്ച ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ റെയില്‍വേസിനെ നേരിടാനിറങ്ങുന്നത് പക്ഷെ ആ പഴയ വിരാട് കോലിയല്ല. ഇന്ത്യൻ ക്രിക്കറ്റിലെ കിംഗ് ആണിന്ന് വിരാട് കോലി.

സമീപകാലത്ത് മോശം ഫോമിലാണെങ്കിലും വിരാട് കോലി കളിക്കാനിറങ്ങിയാല്‍ സ്റ്റേഡിയത്തില്‍ ആളെത്തുമെന്നുറപ്പ്. ഫോം വീണ്ടെടുക്കാനും എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം അനുസരിച്ചുമാണ് കോലി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയാറായത്. നാലാം നമ്പറിലാവും കോലി റെയിൽവേസിനെതിരെ ഇറങ്ങുകയെന്ന് ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി വ്യക്തമാക്കിയിട്ടുണ്ട്. വിരാട് കോലി കളിക്കുമെന്നുറപ്പായതോടെ മത്സരം കാണാന്‍ പതിനായിരങ്ങള്‍ സ്റ്റേഡിത്തിലെത്തുമെന്നുറപ്പാണ്. കോലി കളക്കുന്നതിനാല്‍ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗും ബിസിസിഐ നിര്‍ദേശപ്രകാരം ജിയോ സിനിമ ഏര്‍പ്പാടാക്കിയുട്ടുണ്ട്.

ഐസിസി ടി20 റാങ്കിംഗ്: ബാബര്‍ അസമിന്‍റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ തിലക് വര്‍മ

സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് സൗജന്യ പ്രവേശനമായിരിക്കുമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം കാണാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍കാര്‍ഡ് മാത്രം കൈയില്‍ കരുതിയാല്‍ മതിയാവും. സ്റ്റേഡിയത്തിലെ ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡിലെ 16, 17 ഗേറ്റുകളിലൂടെയും കാണികളെ പ്രവേശിപ്പിക്കുകയെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അശോക് കുമാര്‍ ശര്‍മ പറഞ്ഞു.

വിരാട് കോലി കളിക്കുന്നതിനാല്‍ മത്സരത്തിന് അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതൊരു സാധാരണ രഞ്ജി ട്രോഫി മത്സരമല്ലെന്നും തങ്ങളുടെ സ്വന്തം ചീക്കു കളിക്കുന്ന മത്സരമാണെന്നും അശോക് കുമാര്‍ ശര്‍മ പറഞ്ഞു. ഡല്‍ഹിക്കായുള്ള കോലിയുടെ അവസാന മത്സരമൊന്നുമല്ലാത്തതിനാല്‍ മത്സരത്തിന് മുമ്പ് കോലിയെ ആദരിക്കുന്ന ചടങ്ങൊന്നും ഇല്ലെന്നും അശോക് കുമാര്‍ ശര്‍മ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക