വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ ഒന്നര കിലോ മീറ്റര്‍ ദൂരമാണ് വൈകിട്ട് 5 മണി മുതൽ 6 മണി വരെയാണ് ആര്‍സിബിയുടെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നത്.
ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗങ്ങള്‍ ഇന്ന് ബെംഗളൂരുവില്‍ നടത്താനിരിക്കുന്ന വിക്ടറി പരേഡ് റദ്ദാക്കി. നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചതോടെയാണ് ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ഓപ്പണ്‍ ബസിലെ വിക്ടറി പരേഡ് റദ്ദാക്കിയത്. പരേഡിന് അനുമതി ലഭിക്കാതിരുന്നതോടെ വൈകിട്ട് അഞ്ചിന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീമിനെ ആദരിക്കുന്നതില്‍ ആഘോഷം ഒതുക്കാനാണ് ആര്‍സിബിയുടെ തീരുമാനം. ടിക്കറ്റ് വെച്ചായിരിക്കും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ ഒന്നര കിലോ മീറ്റര്‍ ദൂരമാണ് വൈകിട്ട് 5 മണി മുതൽ 6 മണി വരെയാണ് ആര്‍സിബിയുടെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നത്. നാലു മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട ശേഷം അവിടെ നിന്ന് പരേഡായി ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനായിരുന്നു ആര്‍സിബിയുടെ തീരുമാനം. ഓപ്പൺ ബസിൽ ട്രോഫിയുമായി നടത്തുന്ന പരേഡിൽ വൻ ജനക്കൂട്ടം അണിനിരക്കുമെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുക ബുദ്ധിമുട്ടാകുമെന്നും പൊലീസ് പറഞ്ഞു. നേരത്തെ 3.30 വിക്ടറി പരേഡ് തുടങ്ങി അഞ്ച് മണിക്ക് അവസാനിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
ഉച്ചക്ക് ഒന്നരയോടെ ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ആര്‍സിബി താരങ്ങളെ വരവേല്‍ക്കാനായി ആരാധകര്‍ കൂട്ടത്തോടെ എത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ചശേഷമാകും ആര്‍സിബി താരങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്വീകരണത്തിനായി എത്തുക.
ഇന്നലെ അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആദ്യ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.


