അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഒരുമിച്ച് കളിച്ച ഇന്ത്യന്‍ ജോഡിയെന്ന സച്ചിന്‍-ദ്രാവിഡ് സഖ്യത്തിന്റെ റെക്കോര്‍ഡ് വിരാട് കോലിയും രോഹിത് ശര്‍മ്മയും തകര്‍ത്തു.
റാഞ്ചി: അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒരുമിച്ച് കളിച്ച ഇന്ത്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി, രോഹിത് ശര്‍മ്മ കൂട്ടുകെട്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും ഒരുമിച്ച് കളിച്ച 391 മത്സരങ്ങളുടെ റെക്കോര്‍ഡാണ് റാഞ്ചിയില്‍ കോലിയും രോഹിത്തും മറികടന്നത്. 1996നും 2012നും ഇടയിലാണ് സച്ചിനും ദ്രാവിഡും 391 മത്സരങ്ങളില്‍ പങ്കാളികളായത്. രോഹിത്തും കോലിയും 392 മത്സങ്ങളില്‍ ഒരുമിച്ച് കളിച്ചു. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചത് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, മഹലേ ജയവര്‍ധനെ ജോഡിയാണ്. ഇരുവരും 550 മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചു.
രോഹിത്തും കോലിയും മത്സരത്തില്‍ ചില റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. സിക്‌സറുകളില്‍ റെക്കോര്‍ഡിട്ടാണ് ഹിറ്റ്മാന്‍ ആരാധകരെ ആവേശത്തിലാക്കിയത്. രോഹിത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ അത് മതി, ഏകദിന കരിയറിലെ 352- സിക്‌സര്‍ നേടി ഹിറ്റ്മാന് റെക്കോര്‍ഡ് തലപ്പൊക്കം. 369 ഇന്നിങ്‌സില്‍ നിന്ന് ഷാഹീദ് അഫ്രീദി പടത്തുയര്‍ത്തിയ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. അതും നൂറ് ഇന്നിംഗ്‌സുകള്‍ കുറച്ച് കളിച്ചിട്ട് പോലും. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടനവധി സിക്‌സര്‍ റെക്കോര്‍ഡുകള്‍ രോഹിതിന്റെ പേരിലുണ്ട്.
മൂന്ന് ഫോര്‍മാറ്റിലുമായി 645 തവണ ബൗളര്‍മാരെ അടിച്ചുപറത്തിയ രോഹിത് ശര്‍മ തന്നെ ക്രിക്കറ്റിലെ സിക്‌സര്‍ കിംഗ്. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍, ഒരു ടീമിനെതിരെ കൂടുതല്‍ സിക്‌സര്‍ എന്നിങ്ങനെ സിക്‌സര്‍ റെക്കോര്‍ഡുകളനവധി ഹിറ്റമാന് സ്വന്തം. പേസര്‍മാരെ പുള്‍ഷോട്ടിലൂടെ സിക്‌സര്‍ പായിക്കാനാണ് രോഹിതിന് പ്രിയം കൂടുതല്‍. 232 സിക്‌സറുകളാണ് രോഹിത് പേസര്‍മാര്‍ക്കെതിരെ നേടിയത്. തന്റെ പ്രിയപ്പെട്ട പുള്‍ഷോട്ടിലൂടെയാണ് രോഹിത് 140 തവണ സിക്‌സര്‍ നേടിയിട്ടുള്ളത്.
ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറിവേട്ടക്കാരില്‍ രണ്ടാമനായി കോലി.. 100 സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. ഒറ്റഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡും കോലി തകര്‍ത്തു. ഒപ്പം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടവും കോലിക്ക് സ്വന്തം. മറികടന്നത് അഞ്ച് സെഞ്ച്വറി വീതം നേടിയ സച്ചിനേയും ഡേവിഡ് വാര്‍ണറേയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 135 റണ്‍സാണ കോലി നേടിയത്.



