വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ പിന്തുടര്‍ന്ന് ജയിച്ചു. ക്യാപ്റ്റന്‍ അലീസ ഹീലിയുടെ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. 

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്നലെ ഓസ്‌ട്രേലിയ സ്വന്തമാക്കിയത് റെക്കോര്‍ഡ് ജയം. വിശാഖപട്ടണത്ത്, ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. എല്ലിസ് പെറി (പുറത്താവാതെ 47), അഷ്ലി ഗാര്‍ഡ്നര്‍ (46 പന്തില്‍ 45), ഫോബ് ലിച്ച്ഫീല്‍ഡ് (39 പന്തില്‍ 40) എന്നിവരുടെ ഇന്നിംഗ്സുകള്‍ നിര്‍ണായകമായി.

വനിതാ ഏകദിനത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശ്രീലങ്ക 301 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്തായി. 2012ല്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയ 288 ചേസ് ചെയ്ത് ജയിച്ചതും പട്ടികയിലുണ്ട്. 2023ല്‍ വാംഖെഡില്‍ ഇന്ത്യക്കെതിരെ, ഓസ്‌ട്രേലിയ 282 റണ്‍സ് മറികടന്നിരുന്നു. ഈ വര്‍ഷം ചണ്ഡിഗഡില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ 281 റണ്‍സും മറികടന്നു. ഇത് അഞ്ചാം സ്ഥാനത്തായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സ്മൃതി മന്ദാന (66 പന്തില്‍ 80), പ്രതിക റാവല്‍ (96 പന്തില്‍ 75) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 48.5 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ച് വിക്കറ്റ് വീഴ്ത്തി. സോഫി മൊളിനെക്സിന് മൂന്ന് വിക്കറ്റുണ്ട്.

മറുപടി ബാറ്റിംഗില്‍ മികച്ച ഓസീസിന് തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹീലി - ലിച്ച്ഫീല്‍ഡ് സഖ്യം 85 റണ്‍സ് ചേര്‍ത്തു. 12-ാം ഓവറില്‍ ഇന്ത്യ കൂട്ടുകെട്ട് പൊളിച്ചു. ലിച്ച് ഫീല്‍ഡിനെ ശ്രീ ചരണി പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ പെറി, ഹീലിക്ക് പിന്തുണ നല്‍കി. എന്നാല്‍ പെറി, പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി. തുടര്‍ന്നെത്തിയ ബേത് മൂണി (4), അന്നാബെല്‍ സതര്‍ലാന്‍ഡ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ഹീലിയും മടങ്ങി. മൂന്ന് സിക്സും 21 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹീലിയുടെ വീരോചിത ഇന്നിംഗ്സ്. ഹീലി മടങ്ങിയെങ്കിലും ഗാര്‍ഡ്നര്‍, പെറി (പുറത്താവാതെ (47) എന്നിവരുടെ ഇന്നിംഗ്സുകള്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. തഹ്ലിയ മഗ്രാത് (12), സോഫി മൊളിനെക്സ് (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കിം ഗാര്‍ത്ത് (14) പെറിക്കൊപ്പം പുറത്താവാതെ നിന്നു.

YouTube video player