പഞ്ചാബ് ഇന്നിംഗ്സ് നിര്‍ത്തിയേടത്തു നിന്ന് തുടങ്ങുകയാണോ ചെയ്യുക അതോ ആദ്യം മുതല്‍ വണ്ടും നടത്തുമോ എന്നായിരുന്നു ആരാധകര്‍ക് അറിയേണ്ടത്.

മുംബൈ: ധരംശാലയില്‍ പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം പുരോഗമിക്കുമ്പോഴായിരുന്നു ഈ മാസം ഒമ്പതിന് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടർന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്‍റെ കരുത്തില്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന മികച്ച നിലയിൽ നില്‍ക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി മത്സരം നിര്‍ത്തിവെച്ചത്. ഇരു ടീമിനും പോയന്‍റ് പങ്കിട്ട് നല്‍കാതെ മത്സരം വീണ്ടും നടത്തുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ 17 മുതല്‍ ഐപിഎല്‍ പുനാരാംഭിക്കുമ്പോള്‍ പഞ്ചാബ്-ഡല്‍ഹി പോരാട്ടം എവിടെ തുടങ്ങുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

പഞ്ചാബ് ഇന്നിംഗ്സ് നിര്‍ത്തിയേടത്തു നിന്ന് തുടങ്ങുകയാണോ ചെയ്യുക അതോ ആദ്യം മുതല്‍ വണ്ടും നടത്തുമോ എന്നായിരുന്നു ആരാധകര്‍ക് അറിയേണ്ടത്. സുരക്ഷാ കാരണങ്ങളാല്‍ ധരംശാലയില്‍ മത്സരങ്ങള്‍ നടത്തില്ലെന്ന് വ്യക്തമാക്കിയതിനാല്‍ ഈ മാസം 24ന് രാജസ്ഥാന്‍റെ ഹോം വേദിയായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് പഞ്ചാബ്-ഡല്‍ഹി പോരാട്ടം വീണ്ടും നടത്തുന്നത്.

ഈ മത്സരം പുതിയ മത്സരമെന്ന രീതിയിലാവും തുടങ്ങുക. ടോസ് മുതല്‍ എല്ലാം പുതുതായി തുടങ്ങും. ഡല്‍ഹിയെ സംബന്ധിച്ച് ഇത് ആശ്വാസകരമായ തീരുമാനമാണ്. ഒരു ജയമകലെ പ്ലേ ഓഫ് ബെര്‍ത്തിനരികെയാണ് പഞ്ചാബ് ഇപ്പോള്‍. 13 പോയന്‍റുള്ള ഡല്‍ഹിക്കാട്ടെ ഇനിയുള്ള മത്സരങ്ങളെല്ലാം ജിവന്‍മരണപ്പോരാട്ടങ്ങളുമാണ്.

11 കളികളില്‍ 15 പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിന് ഡല്‍ഹിക്കെതിരെ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പാക്കാനാവും. 11 കളികളില്‍ 13 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് ഡല്‍ഹിയിപ്പോള്‍.പുതുക്കിയ മത്സരക്രമം അനുസരിച്ച് ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബിന് മത്സരമുണ്ട്. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരം ജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാം. ഇതേദിവസം പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സുമായി ഡല്‍ഹിക്കും മത്സരമുണ്ട്. ഈ കളി തോറ്റാല്‍ ഡല്‍ഹിയുടെ പ്ലേ ഓഫഅ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍ക്കും.