വാങ്കഡെ സ്റ്റേഡിയത്തിൽ 'രോഹിത് ശര്‍മ്മ സ്റ്റാൻഡ്' തുറക്കുന്ന ചടങ്ങിന് ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
മുംബൈ: സഹോദരനോട് ചൂടായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശര്‍മ്മ. കാര്‍ ഉരഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു രോഹിത് തന്റെ സഹോദരനായ വിശാൽ ശര്‍മ്മയോട് ദേഷ്യപ്പെട്ടത്. കാറിന്‍റെ ഒരു ഭാഗത്തേയ്ക്ക് ചൂണ്ടി 'യെ ക്യാ ഹേ?' എന്നാണ് രോഹിത് ചോദിച്ചത്. വാഹനം പിന്നിലേയ്ക്ക് എടുത്തപ്പോൾ സംഭവിച്ചതാണെന്നായിരുന്നു വിശാലിന്‍റെ മറുപടി. എന്നാൽ, സഹോദരന്‍റെ മറുപടിയിൽ രോഹിത് അതൃപ്തി പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 'രോഹിത് ശര്‍മ്മ സ്റ്റാൻഡ്' തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് രോഹിത് എത്തിയത്. അച്ഛൻ ഗുരുനാഥും അമ്മ പൂര്‍ണിമയും ഭാര്യ റിതിക സജ്ദേയും സഹോദരൻ വിശാൽ ശര്‍മ്മയും രോഹിത്തിന്‍റെ കുറച്ച് സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്താൻ എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാറിലെ പാട് കണ്ട് രോഹിത് സഹോദരനെ 'ചോദ്യം ചെയ്തത്'. എന്നാൽ, അവസാനം ഇരുവരും ചിരിച്ചുകൊണ്ടാണ് വേദി വിട്ടത്.
രോഹിത് ശര്‍മ്മയോടുള്ള ആദരസൂചകമായാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാൻഡിന് രോഹിത് ശര്‍മ്മയുടെ പേര് നൽകിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകിരീടം സ്വന്തമാക്കിയതിന് പിന്നാടെ ടി20 ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചിരുന്നു. നിലവിൽ ഏകദിന മത്സരങ്ങളിൽ മാത്രമാണ് രോഹിത് കളിക്കുന്നത്. 37കാരനായ രോഹിത് 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4,301 റൺസ് നടിയിട്ടുണ്ട്. 212 ആണ് ഉയര്‍ന്ന സ്കോര്‍. ടി20 ക്രിക്കറ്റിൽ 159 മത്സരങ്ങൾ കളിച്ച താരം 32.05 ശരാശരിയിൽ 4,231 റൺസാണ് അടിച്ചുകൂട്ടിയത്.


