ഏകദിന റണ്‍വേട്ടയില്‍ ഗാംഗുലിയെ മറികടക്കാന്‍ 46 റണ്‍സായിരുന്നു രോഹിത്തിന് അഡ്‌ലെയ്ഡില്‍ ഇറങ്ങുമ്പോള്‍ വേണ്ടിയിരുന്നത്. 21-ാം ഓവറില അഞ്ചാം പന്തില്‍ ആദം സാംപയെ ബൗണ്ടറി കടത്തിയാണ് രോഹിത് ഗാംഗുലിയെ പിന്നിലാക്കിയത്.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 73 റണ്‍സടിച്ചതോടെ ഏകദിന റണ്‍വേട്ടയില്‍ ഇന്ത്യൻ താരങ്ങളില്‍ സൗരവ് ഗംഗുലിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് രോഹിത് ശര്‍മ. ഏകദിനങ്ങളില്‍ 11221 റണ്‍സടിച്ചിട്ടുള്ള ഗാംഗുലിയെ നാലാമനാക്കിയാണ് രോഹിത് ഏകദിന റണ്‍വേട്ടയില്‍ ഇന്ത്യൻ താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 308 മത്സരങ്ങളിലെ 297 ഇന്നിംഗ്സുകളില്‍ നിന്നാണ് ഗാംഗുലി 11221 റണ്‍സടിച്ചതെങ്കില്‍ 275 മത്സരങ്ങളില്‍ നിന്നാണ് രോഹിത് റണ്‍വേട്ടയില്‍ ഗാംഗുലിയെ മറികടന്നത്.

ഏകദിന റണ്‍വേട്ടയില്‍ ഗാംഗുലിയെ മറികടക്കാന്‍ 46 റണ്‍സായിരുന്നു രോഹിത്തിന് അഡ്‌ലെയ്ഡില്‍ ഇറങ്ങുമ്പോള്‍ വേണ്ടിയിരുന്നത്. 21-ാം ഓവറില അഞ്ചാം പന്തില്‍ ആദം സാംപയെ ബൗണ്ടറി കടത്തിയാണ് രോഹിത് ഗാംഗുലിയെ പിന്നിലാക്കിയത്. ഏകദിന റണ്‍വേട്ടയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(463 മത്സരങ്ങളില്‍ 18,426 റണ്‍സ്), വിരാട് കോലി(304 മത്സരങ്ങളില്‍14,181 റണ്‍സ്) എന്നിവരാണ് ഇന്ത്യൻ താരങ്ങളില്‍ രോഹിത്തിന് മുന്നിലുള്ളത്.

Scroll to load tweet…

റണ്‍വേട്ടയില്‍ ഗാംഗുലിയെ മറികടന്നതിനൊപ്പം ഏകദിനങ്ങളില്‍ ഓപ്പണറെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടുത്ത താരമെന്ന റെക്കോര്‍ഡും രോഹിത് ഗാംഗുലിയില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. ഓപ്പണറായി 9146 റണ്‍സടിച്ച ഗാംഗുലിയെയാണ് രോഹിത് മറികടന്നത്. അഡ്‌ലെയ്ഡില്‍ ഇറങ്ങുമ്പോള്‍ ഒരു റണ്ണായിരുന്നു ഈ നേട്ടത്തില്‍ ഗാംഗുലിയെ പിന്നിലാക്കാന്‍ രോഹിത്തിന് വേണ്ടിയിരുന്നത്. ആദ്യ ഓവറില്‍ തന്നെ സിംഗിളെടുത്ത് രോഹിത് ഗാംഗുലിയെ പിന്നിലാക്കി.

രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച അഞ്ചാമത്തെ താരമാണ് രോഹിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(15310), സനത് ജയസൂര്യ(12740), ക്രിസ് ഗെയ്‌ല്‍(10179), ആദം ഗില്‍ക്രിസ്റ്റ്(9200) എന്നിവരാണ് രോഹിത്തിന് മുന്നിലുള്ളത്. ഇന്ന് 73 റണ്‍സടിച്ചതോടെ ഇന്ത്യ-ഓസ്ട്രേലിയ ഏകിനങ്ങളില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യക്കായി 1000 റണ്‍സ് തികക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. 21 ഏകദിനങ്ങളില്‍ 1047 റണ്‍സാണ് ഓസ്ട്രേലിയയില്‍ രോഹിത്തിന്‍റെ നേട്ടം. 20 മത്സരങ്ങളില്‍ 802 റണ്‍സടിച്ച വിരാട് കോലി രണ്ടാം സ്ഥാനത്താണ്. 25 മത്സരങ്ങളില്‍ 740 റണ്‍സടിച്ച സച്ചിന്‍ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ 21 മത്സരങ്ങളില്‍ 684 റണ്‍സടിച്ച ധോണിയാണ് നാലാമത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക