കോലിയെ നീക്കിയ നടപടി സ്വാഗതം ചെയ്തിരിക്കുകയാണ് മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍
മുംബൈ: ടീം ഇന്ത്യയുടെ (Team India) ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിരാട് കോലിയെ (Virat Kohli) നീക്കിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. കോലിയും ബിസിസിഐയുടെ (BCCI) തമ്മിലുള്ള പരസ്യ പോരിലേക്ക് വരെ കാര്യങ്ങളെത്തി. കോലിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ കോലിയെ നീക്കിയ നടപടി ഇപ്പോള്‍ സ്വാഗതം ചെയ്തിരിക്കുകയാണ് മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ (Sanjay Manjrekar).
'ഇന്ത്യ ലോകകപ്പുകള്‍ നേടാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നു. പരമ്പര വിജയങ്ങളോ ടീം റാങ്കിംഗോ അല്ല പ്രധാനം. ലോകകപ്പുകളില്‍ കോലി കുറച്ച് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. ടി20 നായകസ്ഥാനം ഒഴിയുന്നതുകൊണ്ട് പ്രശ്‌നമില്ല എന്നാണ് കോലി കരുതിയത്. ഏകദിനത്തിലും ടെസ്റ്റിലും തുടരാമെന്നും പ്രതീക്ഷിച്ചിരുന്നതായും' സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. ഇതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ പൂര്‍ണസമയ ക്യാപ്റ്റനായി. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തോല്‍വിക്ക് ശേഷം കോലി അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍സ് ഒഴിയുന്നതിനും ആരാധകര്‍ സാക്ഷ്യം വഹിച്ചു. ടെസ്റ്റില്‍ പുതിയ നായകനെ പ്രഖ്യാപിച്ചിട്ടില്ല.
ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. ആകെ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 മത്സരങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടി ചരിത്രമെഴുതിയിരുന്നു. അപ്പോഴും ഐസിസി കിരീടമില്ലാത്തത് കോലിയുടെ ക്യാപ്റ്റന്‍സി പോരായ്‌മയായി പലരും വിലയിരുത്തുന്നു.
