രണ്ട് മാറ്റങ്ങളുമായി ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ജസ്പ്രിത് ബുമ്രയ്ക്കും ശിവം ദുബെയ്ക്കും വിശ്രമം അനുവദിച്ചപ്പോള്‍ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും ടീമില്‍ തിരിച്ചെത്തി. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസങ്കല ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ജസ്പ്രിത് ബുമ്ര, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ തിരിച്ചെത്തി. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും. ശ്രീലങ്ക ഒരു മാറ്റം വരുത്തി. ചാമിക കുരണാരത്‌നെയ്ക്ക് പകരം ജനിത് ലിയാനഗെ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

ശ്രീലങ്ക: പതും നിസ്സങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വാനിന്ദു ഹസരംഗ, ജനിത് ലിയാനഗെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര.

ഏഷ്യാ കപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ ടീം ഫൈനല്‍ ഉറപ്പിച്ചതെങ്കില്‍ സൂപ്പര്‍ ഫോറില്‍ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിന് ഇറക്കാതിരുന്നതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സഞ്ജു സാംസണ് ബാറ്റിംഗില്‍ സ്ഥാനക്കയറ്റം ലഭിക്കുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് നഷ്ടമായിട്ടും ഡഗ് ഔട്ടിലിരിക്കേണ്ടി വന്ന സഞ്ജുവിന് പകരം ക്രീസിലെത്തിയവര്‍ അമ്പേ പരാജയമായിരുന്നു.

സഞ്ജുവിനെ ഇന്ന് വീണ്ടും വണ്‍ഡൗണില്‍ ഇറക്കുമെന്നാണ് സൂചന. ഒമാനെതിരായ മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ മികച്ച ബാറ്റിംഗ് റെക്കോര്‍ഡ് സഞ്ജുവിനില്ല. ലങ്കയ്‌ക്കെതിരെ കളിച്ച 9 ടി20 മത്സരങ്ങളില്‍ 102 റണ്‍സ് മാത്രമാണ് സമ്പാദ്യം.

YouTube video player