ഏഷ്യാ കപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ ഇന്ത്യ 189 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണ്‍ 56 റണ്‍സുമായി ടോപ് സ്കോററായപ്പോള്‍, അഭിഷേഖ് ശര്‍മയും തിലക് വര്‍മയും നിര്‍ണായക സംഭാവനകള്‍ നല്‍കി.
അബുദാബി: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ ഒമാന് 189 റണ്‍സ് വിജയലക്ഷ്യം. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണ്‍ (45 പന്തില്‍ 56) ടോപ് സ്‌കോററായി. അഭിഷേഖ് ശര്‍മ (15 പന്തില്‍ 38), തിലക് വര്‍മ (18 പന്തില്‍ 29) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ നിര്‍ണായകായി. എട്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടായി. ഷാ ഫൈസല്‍, ആമിര്‍ കലീം, ജിതേന്‍ രാമാനന്ദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലെത്തി. ജസ്പ്രിത ബുമ്ര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി.
രണ്ടാം ഓവറില്‍ തന്നെ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഷാ ഫൈസലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഗില്‍ മടങ്ങിയെങ്കില്‍ പപവര്‍ പ്ലേയില്‍ 60 റണ്‍സ് അടിച്ചെടുക്കാന്‍ സഞ്ജു - അഭിഷേക് സഖ്യത്തിന് സാധിച്ചു. എന്നാല്‍ എട്ടാം ഓവറില്‍ അഭിഷേക് മടങ്ങി. സഞ്ജുവിനൊപ്പം 66 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് പുറത്താവുന്നത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അതേ ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും (1) മടങ്ങി. റണ്ണൗട്ടാവുകയായിരുന്നു താരം. ജിതേന്‍ രാമാനന്ദിന്റെ പന്ത് സഞ്ജു നേരെ കളിച്ചെങ്കിലും ക്യാച്ചെടുക്കാനുള്ള അവസരം ബൗളര്‍ നഷ്ടമാക്കി. എന്നാല്‍ പന്ത് നോണ്‍സ്‌ട്രൈക്കിലെ സ്റ്റംപില്‍ പതിച്ചു. ഹാര്‍ദിക്കിന് മടങ്ങേണ്ടി വന്നു.
തുടര്‍ന്നെത്തിയ അക്‌സര്‍ 13 പന്തില്‍ 26 റണ്‍സ് അടിച്ചെടുത്തു. സഞ്ജുവിനൊപ്പം 45 റണ്‍സാണ് അക്‌സര്‍ ചേര്‍ത്തത്. 13-ാം ഓവറില്‍ അക്‌സര്‍ മടങ്ങി. സഞ്ജുവാകട്ടെ ബാറ്റ് ചെയ്യാന്‍ നന്നായി ബുദ്ധിമുട്ടി. ടൈമിംഗ് കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചില്ല. ഇതിനിടെ ശിവം ദുബെയും (5) പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് സഞ്ജു - തിലക് സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. സഞ്ജുവിനെ മടക്കി ഷാ ഫൈസല്‍ ഒമാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. തിലക് 19-ാം ഓവറില്‍ മടങ്ങി. അര്‍ഷ്ദീപ് സിംഗ് (1) അവസാന ഓവറില്‍ റണ്ണൗട്ടായി. ഹര്‍ഷിത് റാണ (13), കുല്‍ദീപ് യാദവ് (1) പുറത്താവാതെ നിന്നു. സൂര്യകുമാര്‍ യാദവ് ബാറ്റിംഗിനെത്തിയില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.
ഒമാന്‍: ആമിര്‍ കലീം, ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഷാ ഫൈസല്‍, സിക്രിയ ഇസ്ലാം, ആര്യന്‍ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീല്‍ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേന്‍ രാമാനന്ദി.



