മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്നേഷ് പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്‍റെയും വീട്ടമ്മയായ കെ.പി ബിന്ദുവിന്‍റെയും മകനാണ്.
അബുദാബി: ചൈനാമാന്‍ സ്പിന്നറായ മലയാളി താരം വിഘ്നേഷ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് വിഘ്നേഷിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ലേലത്തില്‍ വിഘ്നേഷിന്‍റെ പേര് വന്നപ്പോള്‍ മുന്‍ ടീമായ മുംബൈ ഇന്ത്യൻസ് അടക്കം മറ്റ് ടീമുകളൊന്നും രംഗത്തുവരാതിരുന്നതോടെയാണ് അടിസ്ഥാന വിലക്ക് തന്നെ വിഘ്നേഷിനെ രാജസ്ഥാന് സ്വന്തമാക്കാനായത്.കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു വിഘ്‌നേഷ് പുത്തൂര്‍ .
കഴിഞ്ഞ സീസണിലും 30 ലക്ഷം രൂപക്കാണ് വിഘ്നേഷ് മുംബൈയിലെത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ വിക്കറ്റ് അടക്കം നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ വിഘ്നേഷിന് പക്ഷെ പരിക്ക് തിരിച്ചടിയായി. ഇത്തവണ ഐപിഎൽ മിനി താരലേതത്തിന് മുമ്പ് വിഘ്നേഷിനെ മുംബൈ കൈയൊഴിഞ്ഞെങ്കിലും താരത്തിന്‍റെ തുടര്‍ ചികിത്സകള്‍ക്കായി എല്ലാ സഹായവും ടീം വാഗ്ദാനം ചെയ്തിരുന്നു.
കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്‍റെ താരമായിരുന്ന വിഘ്നേഷിന് പരിക്കുമൂലം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായി. എന്നാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച വിഘ്നേഷ് നാലു മത്സരങ്ങളില്‍ ആറ് വിക്കറ്റ് നേടി തിളങ്ങി. ചത്തീസ്ഗഡിനെതിരെ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. കേരളത്തിനായി നേരത്തെ അണ്ടര്‍ 14,19,23 ടീമുകളിൽ വിഘ്നേഷ് കളിച്ചിട്ടുണ്ടെങ്കിലും സീനിയര്‍ തലത്തില്‍ കളിക്കുന്നത് ആദ്യമായിട്ടായിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്നേഷ് പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്‍റെയും വീട്ടമ്മയായ കെ.പി ബിന്ദുവിന്‍റെയും മകനാണ്. ഐപിഎല്‍ താരലേലത്തിന് മുമ്പ് മലയാളി താരം സഞ്ജു സാംസണ്‍ ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയതിന് പിന്നാലെയാണ് മറ്റൊരു മലയാളി താരം രാജസ്ഥാനില്‍ എത്തുന്നത് എന്നതും സവിശേഷതയാണ്. അടുത്ത സീസണില്‍ ആരാവും ടീമിന്‍റെ നായകനെന്ന് രാജസ്ഥാന്‍ റോയല്‍സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ് എന്നിവരാണ് പരിഗണനയിലുള്ളത്.


