ഇതിനുശേഷം ശരീരഭാരം 17 കിലോ കുറച്ച് കൂടുതല്‍ ഫിറ്റായി എത്തിയ സര്‍ഫറാസ് രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ മുംബൈക്കായി ആദ്യ മത്സരത്തില്‍ കളിച്ചിരുന്നു.

മുംബൈ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനെ സെലക്ടര്‍മാര്‍ വീണ്ടും തഴഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ബോര്‍ഡർ-ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന സര്‍ഫറാസിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. പിന്നീട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദോഗിക ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം കളിച്ച സര്‍ഫറാസ് 91 റണ്‍സടിച്ച് തിളങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കും സര്‍ഫറാസിനെ പരിഗണിച്ചില്ല.

ഇതിനുശേഷം ശരീരഭാരം 17 കിലോ കുറച്ച് കൂടുതല്‍ ഫിറ്റായി എത്തിയ സര്‍ഫറാസ് രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ മുംബൈക്കായി ആദ്യ മത്സരത്തില്‍ കളിച്ചിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 42 റണ്‍സെടുത്തു നില്‍ക്കെ റണ്ണൗട്ടായി പുറത്തായ സര്‍ഫറാസ് രണ്ടാം ഇന്നിംഗ്സില്‍ 32 റണ്‍സടിച്ച് മുംബൈയുടെ ജയത്തില്‍ ഭേദപ്പെട്ട സംഭാവന നല്‍കിയിരുന്നു. എന്നാല്‍ എ ടീമിലേക്ക് പരിഗണിക്കാതിരുന്നതോടെ സര്‍ഫറാസിനെ അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്കും പരിഗണിക്കില്ലെന്നാണ് സൂചന.

ഗംഭീറിന്‍റെ അതൃപ്തിയോ?

ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കോച്ച് ഗൗതം ഗംഭീറിന്‍റെ അതൃപ്തിക്ക് സര്‍ഫാറാസ് പാത്രമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനുശേഷം സര്‍ഫറാസിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടില്‍ ഇന്ത്യ മധ്യനിരയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട മലയാളി താരം കരുണ്‍ നായരുടെ സ്ഥാനത്തേക്ക് പോലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെലക്ടര്‍മാര്‍ സര്‍ഫറാസിനെ പരിഗണിച്ചില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് സര്‍ഫറാസ് ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്.

ഈ മാസം 30 മുതല്‍ നവംബര്‍ രണ്ട് വരെ ബെംഗളൂരുവിലെ ബിസിസിഐ സെന്‍റര്‍ ഓഫ് എക്സലന്‍സിലാണ് ദക്ഷിണാഫ്രിക്ക എക്കെതിരായ ആദ്യ ചതുര്‍ദിന മത്സരം. രണ്ടാം മത്സരം ഇതേ വേദിയില്‍ നവംബര്‍ ആറ് മുതല്‍ ഒമ്പത് വരെ നടക്കും. അടുത്ത മാസം 14 മുതല്‍ 18വരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ്. നവംബര്‍ 22 മുതല്ഡ 26വരെ ഗുവാഹത്തിയിലെ ബാരാബതി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക