പവര്‍ പ്ലേ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചോ ബൗളര്‍മാരെ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറച്ചോ ഒന്നും പാക് ക്യാപ്റ്റന് വ്യക്തമായ ധാരണയില്ലായിരുന്നുവെന്ന് ഷൊയൈബ് അക്തര്‍.
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിലും ഇന്ത്യയോട് തോറ്റതിന് പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘയെ നിര്‍ത്തിപ്പൊരിച്ച് മുന്‍ താരങ്ങള്‍. സല്‍മാന്‍ ആഘയാണ് ടീമിലെ ഏറ്റവും ദുര്‍ബല കണ്ണിയെന്നും സല്‍മാന്‍ ഈ പാക് ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നില്ലെന്നും മുന്‍ താരം ഷൊയൈബ് അക്തര്‍ പറഞ്ഞു. ഗ്രൗണ്ടില്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് സല്‍മാന്‍ ആഘക്ക് ധാരണപോലുമില്ലായിരുന്നുവെന്നും അക്തര്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി.
പാക് ടീം മാനേജ്മെന്‍റ് എന്തുകൊണ്ടാണ് ഇങ്ങനെ ആവര്‍ത്തിച്ചു പിഴവുകള്‍ വരുത്തുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ഇന്ത്യക്കെതിരെ മധ്യനിരയില്‍ ആരൊക്കെ ഇറങ്ങണമെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പവര്‍ പ്ലേ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചോ ബൗളര്‍മാരെ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറച്ചോ ഒന്നും ക്യാപ്റ്റന് വ്യക്തമായ ധാരണയില്ലായിരുന്നു. ബൗളര്‍മാര്‍ തമ്മിലും യാതൊരു സഹകരണവുമില്ലായിരുന്നു. ഏത് ലൈനിലും ലെങ്ത്തിലും പന്തെറിയണമെന്നറിയാതിരുന്ന ബൗളര്‍മാര്‍ കാര്യങ്ങള്‍ വഷളാക്കി. ഇതെല്ലാം തീരുമാനിക്കേണ്ട ക്യാപ്റ്റൻ സല്‍മാന്‍ ആഘയായിരുന്നു പാക് ടീമിലെ ഏറ്റവും ദുർബലനായ താരം. എന്താണ് ചെയ്യേണ്ടതെന്ന് സല്‍മാന് യാതൊരു ധാരണയുമില്ലായിരുന്നു. അയാള്‍ ഈ ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നില്ല. ഇന്ത്യയുടെ തിലക് വര്‍മയെയോ ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലെയൊ ഒരു പ്രകടനം സല്‍മാന്‍ ആഘയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാനാവില്ല. തെറ്റായ തീരുമാനങ്ങളെടുത്ത് സല്‍മാന്‍ ആഘ ടീമിനെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നതെന്നും അക്തര്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഇങ്ങനെ തോല്‍ക്കുന്നതു കാണുമ്പോള്‍ വേദനയുണ്ടെന്നായിരുന്നു മുന്‍ പാക് താരം വസീം അക്രമിന്‍റെ പ്രതികരണം. ജയവും തോല്‍വിയുമൊക്കെ കളിയുടെ ഭാഗമാണെന്ന് എനിക്കറിയാം. പക്ഷെ സമസ്ത മേഖലകളിലും പിന്നിലായി ഇന്ത്യയോട് തോല്‍ക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. ഒന്നോ രണ്ടോ തവണ ഇന്ത്യയോട് ജയിക്കാന്‍ മാത്രമെ പാകിസ്ഥാന് സമീപമകാലത്ത് കഴിഞ്ഞിട്ടുള്ളു. 10 ഓവറില്‍ 91 റണ്‍സിലെത്തിയിട്ടും 200 റണ്‍സ് അടിക്കാനായില്ലെന്ന് പറയുമ്പോള്‍ കൂടുതല്‍ എന്ത് പറയാനാണെന്നും അക്രം ചോദിച്ചു. അതേസമയം, ഇന്ത്യൻ ഓപ്പണര്‍മാരുടെ പ്രകടനത്തെ മുന്‍ താരങ്ങളായ മിസ്ബാ ഉള്‍ ഹഖും ഷൊയ്ബ് മാലിക്കും പ്രശംസിക്കുകയും ചെയ്തു. നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതുപോലെയാണ് അഭിഷേക് ശര്‍മ പാകിസ്ഥാനെതിരെ ബാറ്റ് ചെയ്തതെന്നും ആദ്യ പന്ത് മുതല്‍ പാക് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ അഭിഷേകിനും ഗില്ലിനുമായെന്നും മിസ്ബാ ഉള്‍ ഹഖ് പറഞ്ഞു. ഗില്ലിന്‍റെ പ്രകടനത്തെ ഷൊയ്ബ് മാലിക്കും പ്രശംസിച്ചു.


