ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും സാധ്യതാ പട്ടികയിൽ പോലും ഇടംപിടിക്കാത്ത ബാലൺ ഡി ഓറിൽ ഇത്തവണ പുതിയ ജേതാവുണ്ടാകുമെന്നുറപ്പാണ്.

പാരീസ്: അറുപത്തിയൊൻപതാമത് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പാരീസിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് പുരസ്കാര ദാന ചടങ്ങിന് തുടക്കമാവുക. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവ് ആപ്പിലും പുരസ്കാര പ്രഖ്യാപനം തത്സമയം കാണാനാവും. ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും സാധ്യതാ പട്ടികയിൽ പോലും ഇടംപിടിക്കാത്ത ബാലൺ ഡി ഓറിൽ ഇത്തവണ പുതിയ ജേതാവുണ്ടാകുമെന്നുറപ്പാണ്. മുപ്പതംഗ ചുരുക്കപ്പട്ടികയിൽ കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് പിഎസ്‌ജിയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലേയ്ക്കും ബാഴ്സലോണയുടെ സ്പാനിഷ്താരം ലാമിൻ യമാലിനുമാണ്.

യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിക്കുക. പി എസ് ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പി എസ് ജി കുപ്പായത്തില്‍ ഡെംബലെയുടെ സംഭാവന.

അതേസമയം, ബാഴ്സലോണയുടെ ലാ ലിഗ വിജയത്തിൽ നിർണായക പങ്കുവഹിച്ച യമാൽ 18 ഗോളും 25 അസിസ്റ്റും സ്വന്തമാക്കി. വോട്ടെടുപ്പിൽ മുന്നിലെത്തിയാൽ ബാലൺ ഡി ഓർ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാവും പതിനെട്ടുകാരനായ ലാമിൻ യമാൽ. മികച്ച പുരുഷ താരത്തിനൊപ്പം, വനിതാ താരം, മികച്ച യുവതാരത്തിനുള്ള കെപ ട്രോഫി, ഗോൾ കീപ്പർകുള്ള യാഷിൻ ട്രോഫി, ടോപ് സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി ​മികച്ച കോച്ചിനുള്ള യൊഹാൻ ക്രൈഫ് ട്രോഫി ജേതാക്കാളെയും ഇന്ന് പ്രഖ്യാപിക്കും.

സ്പാനിഷ് താരങ്ങളായ റോഡ്രിയും ഐറ്റാന ബോൺമാറ്റിയുമാണ് കഴിഞ്ഞ വർഷത്തെ മികച്ച താരങ്ങൾ. ഫിഫ റാങ്കിംഗിൽ ആദ്യ നൂറിലുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 100 ജേർണലിസ്റ്റുൾ വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക