ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ് അയ്യർ താൻ സുഖം പ്രാപിച്ചുവരുന്നതായി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ആദ്യ പ്രതികരണവുമായി ശ്രേയസ് അയ്യര്‍. തന്റെ ആരോഗ്യം വീണ്ടെടുത്തതായി ശ്രേയസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുകയും പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഹര്‍ഷിത് റാണയുടെ ബൗളിംഗില്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ഒരു ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അയ്യര്‍ക്ക് പരിക്കേറ്റത്.
ശ്രേയസിന്റെ പ്രതികരണം ഇങ്ങനെ... ''ഞാനിപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനിലിയല്‍ മാറ്റം സംഭവിക്കുന്നുണ്ട്. എന്നെ പിന്തുണച്ചവരോട്, ആശംസിച്ചവരോട് ഞാന്‍ വളരെ നന്ദിയുള്ളവനായിരിക്കും. എന്നെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി.'' അയ്യര്‍ കുറിച്ചിട്ടു.
നേരത്തെ, ശ്രേയസിനെ ഐസിയുവില്‍ നിന്ന് മാറ്റിയിരുന്നു. ക്യാച്ച് എടുക്കുന്നതിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ക്യാച്ച് പൂര്‍ത്തിയാക്കാന്‍ മുന്നോട്ട് ഡൈവ് ചെയ്യുന്നതിനിടെ, വീണപ്പോഴാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. ചെറിയ ശസ്ത്രക്രിയ മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. പക്ഷേ അയ്യര്‍ക്ക് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും, ഒരുപക്ഷേ ഒരു ആഴ്ച വരെ വിശ്രമം വേണ്ടിവരും. ബിസിസിഐ അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അയ്യര്‍ ഫോണ്‍ കോളുകള്‍ എടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും പതിവ് ജോലികള്‍ പോലും സ്വന്തമായി ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു. സൂര്യയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... 'ശ്രേയസിന് പരിക്കുണ്ടെന്ന് അറിഞ്ഞ ആദ്യ ദിവസം തന്നെ ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചു. ആദ്യം ഞാന്‍ അദ്ദേഹത്തെ വിളിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കൈവശം ഫോണ്‍ ഇല്ലെന്ന് മനസ്സിലാക്കി. അങ്ങനെ ഞാന്‍ ഫിസിയോ കമലേഷിനെ വിളിച്ചു. ശ്രേയസ് ആരോഗ്യവാനാണെന്ന് എന്നോട് പറഞ്ഞു. രണ്ട് ദിവസമായി ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. അതുതന്നെ ശ്രേയസിന്റെ ആരോഗ്യകാര്യത്തില്‍ പുരോഗതിയുണ്ടെന്ന് തെളിയിക്കുന്നതാണ്.'' സൂര്യ വ്യക്തമാക്കി.



