ശ്രേയസിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം സിഡ്‌നിയിൽ തുടരുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.വിമാനയാത്രയ്ക്ക് ഡോക്ടർമാർ അനുമതി നൽകുമ്പോൾ ശ്രേയസ് നാട്ടിലേക്ക് മടങ്ങും.
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് ഓസ്ട്രേലിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യൻ താരം ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്നിയിൽ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത് ആരാധകര്‍ക്ക് ആശങ്കയായിരുന്നു.
ശ്രേയസിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം സിഡ്‌നിയിൽ തുടരുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.വിമാനയാത്രയ്ക്ക് ഡോക്ടർമാർ അനുമതി നൽകുമ്പോൾ ശ്രേയസ് നാട്ടിലേക്ക് മടങ്ങും. ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ഓസീസ് താരം അലക്സ് ക്യാരിയുടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ശ്രേയസിന്‍റെ പ്ലീഹയില്‍ മുറിവുണ്ടാവുകയും ഇത് ആന്തരിക രക്തസ്രാവത്തിലേക്ക് നയിക്കുകയുമായിരുന്നു. ആന്തരിക രക്തസ്രാവം കൃത്യസമയത്ത് കണ്ടെത്താനായതും അത് നിര്‍ത്താനയതുമാണ് ശ്രേയസിന്‍റെ തിരിച്ചുവരവില്‍ നിര്‍ണായകമായത്.
സിഡ്നിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കൊപ്പം ബിസിസിഐ മെഡിക്കല്‍ സംഘത്തിലുള്ള ഡോക്ടറും ശ്രേയസിനൊപ്പം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. ശ്രേയസിനെ സിഡ്നിയില്‍ മികച്ച ചികിത്സ ലഭ്യമാക്കിയ ഡോ. കൗറൗഷ് ഹാഗിക്കും ഇന്ത്യയിലെ ഡോക്ടര്‍ ഡോ. ദിന്‍ഷാ പാര്‍ദിവാലക്കും സംഘത്തിനും ബിസിസിഐ നന്ദി പറഞ്ഞു. തുടര്‍ പരിശോധനകള്‍ക്കായി ശ്രേയസ് കുറച്ചു ദിവസം കൂടി സിന്ഡിയില്‍ തുടരേണ്ടിവരുമെന്നാണ് കരുതുന്നതെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പരിക്കുമാറിയാല്‍ ശ്രേയസിനെ അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുമെന്നാണ് കരുതുന്നത്. ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്ന ശേയസ് തന്നെ തല്‍ക്കാലം റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ടര്‍മാരെ അറിയിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായിരുന്നു ശ്രേയസ്.


