ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരുന്ന കുല്‍ദീപ് പരമ്പരക്കിടെയാണ് ചതുര്‍ദിന ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയിലെത്തിയത്
ബെംഗളൂരു: ഇന്ത്യ എക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച റുതുരാജ് ഗെയ്ക്‌വാദ്, ഖലീല്‍ അഹമ്മദ്, കളിയിലെ താരമായ തനുഷ് കൊടിയാന്‍, അന്‍ഷുല്‍ കാംബോജ്, മാനവ് സുതാര്‍, ഗുര്‍നൂര്‍ ബ്രാര്‍, ആയുഷ് മാത്രെ എന്നിവര്‍ പുറത്തായപ്പോള്‍ ഓപ്പണറായി കെഎല്‍ രാഹുല്‍ ഹര്‍ഷ് ദുബെ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരുന്ന കുല്‍ദീപ് പരമ്പരക്കിടെയാണ് ചതുര്‍ദിന ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയിലെത്തിയത്. റിഷഭ് പന്ത് ക്യാപ്റ്റനായി തുടരുമ്പോള്‍ ധ്രുവ് ജുറെലും ബാറ്ററായി ടീമിലുണ്ട്. സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും ടെസ്റ്റ് ടീമിലും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 14ന് കൊല്‍ക്കത്തയില്‍ തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന പകുതിയിലധികം താരങ്ങള്‍ എ ടീമിനായി കളിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കന്‍ എ ടീമില്‍ ടെസ്റ്റ് ടീം നായകന്‍ ടെംബാ ബാവുമയും കളിക്കുന്നുണ്ട്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്ന ബാവുമ മത്സരപരിചയത്തിനായാണ് എ ടീമിനൊപ്പം ചതുര്‍ദിന ടെസ്റ്റില്‍ കളിക്കുന്നത്. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന്‍റെ ആവേശജയം സ്വന്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: ജോർദാൻ ഹെർമൻ,ലെസെഗോ സെനോക്‌വാനെ,ടെമ്പ ബാവുമ,സുബൈർ ഹംസ,മാർക്വെസ് അക്കർമാൻ (ക്യാപ്റ്റൻ),കോണർ എസ്റ്റർഹുയിസെൻ,ടിയാൻ വാൻ വുറൻ, കൈൽ സിമ്മണ്ട്സ്, പ്രണേലൻ സുബ്രയൻ, ത്ഷെപോ മോറെകി, ഒകുഹ്ലെ സെലെ.
ഇന്ത്യ എ പ്ലേയിംഗ് ഇലവന്‍: കെ എൽ രാഹുൽ,അഭിമന്യു ഈശ്വരൻ,സായ് സുദർശൻ,ദേവദത്ത് പടിക്കൽ,ധ്രുവ് ജൂറൽ,റിഷഭ് പന്ത് (ക്യാപ്റ്റൻ) ഹർഷ് ദുബെ,ആകാശ് ദീപ്, കുൽദീപ് യാദവ്,മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ.


