നവംബർ പതിമൂന്നിന് നടന്ന കളിയിലാണ് റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ് കിട്ടിയത്. 226 മത്സരവും രണ്ട് പതിറ്റാണ്ടും നീണ്ട അന്താരാഷ്ട്ര കരിയറിൽ റൊണാള്‍ഡോയുടെ ആദ്യ ചുവപ്പ് കാർഡായിരുന്നു ഇത്.

ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും ആശ്വാസം. ഈ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അയർലൻഡ് താരം ഡാര ഒഷേയയെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് റൊണാൾഡോയ്ക്ക് ഫിഫ അച്ചടക്ക സമിതി ഏർപ്പെടുത്തിയ മൂന്ന് മത്സരങ്ങളുടെ വിലക്കില്‍ ഫിഫ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ നാൽപതുകാരനായ റൊണാൾഡോയ്ക്ക് ലോകകപ്പിൽ പോര്‍ച്ചുഗലിനായി ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ മുതൽ കളിക്കാം.

നവംബർ പതിമൂന്നിന് നടന്ന കളിയിലാണ് റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ് കിട്ടിയത്. 226 മത്സരവും രണ്ട് പതിറ്റാണ്ടും നീണ്ട അന്താരാഷ്ട്ര കരിയറിൽ റൊണാള്‍ഡോയുടെ ആദ്യ ചുവപ്പ് കാർഡായിരുന്നു ഇത്. ഗുരുതര ഫൗളിന് ഫിഫ അച്ചടക്ക സമിതി റൊണാള്‍ഡോക്ക് മൂന്ന് കളിയിൽ വിലക്കും ഏർപ്പെടുത്തി. ഇതിനുശേഷം അർമേനിയയ്ക്കെതിരെ നടന്ന പോര്‍ച്ചുഗലിന്‍റെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റൊണാൾഡോ കളിച്ചിരുന്നില്ല. ലോകകപ്പിലെ ആദ്യ രണ്ട് കളി നഷ്ടമാവുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, ഫിഫ സൂപ്പർ താരത്തിന് ഇളവുനൽകിയത്.

Scroll to load tweet…

മുൻപുള്ള നല്ല പെരുമാറ്റം പരിഗണിച്ചാണ് റൊണാൾഡോയ്ക്ക് ഫിഫ ഇളവ് നൽകിയത്. രണ്ട് മത്സരങ്ങളില്‍ കൂടി ഏര്‍പ്പെടുത്തിയ വിലക്ക് അടുത്ത ഒരു വര്‍ഷത്തേക്കാണ് ഫിഫ മരവിപ്പിച്ചത്. ഇക്കാലയളവില്‍ സമാനമായ കുറ്റം ആവര്‍ത്തിച്ചില്ലെങ്കില്‍ വിലക്ക് നടപ്പിലാകില്ല. എന്നാല്‍ കുറ്റം ആവര്‍ത്തിച്ചാല്‍ അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകുകയും ചെയ്യും.

ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ, സൗദി കിരീട അവകാശി മഹമ്മദ് ബിന്‍ സല്‍മാൻ എന്നിവര്‍ക്കൊപ്പം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നടന്ന അത്താഴവിരുന്നില്‍ റൊണാള്‍ഡോ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പോര്‍ച്ചുഗല്‍ നായകനെ തേടി സന്തോഷ വാര്‍ത്തയെത്തിയത്. അടുത്ത മാസം അഞ്ചിനാണ് ലോകകപ്പ് മത്സരക്രമങ്ങളുടെയും ഗ്രൂപ്പുകളുടെയും നറുക്കെടുപ്പ് വാഷിംഗ്ടണില്‍ നടക്കുക. ഇതിനുശേഷം മാത്രമെ ലോകകപ്പില്‍ പോര്‍ച്ചുഗലിന്‍റെ ഗ്രൂപ്പ് ഘട്ട എതിരാളികള്‍ ആരൊക്കെയെന്ന് വ്യക്തമാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക