പാകിസ്ഥാനും ശ്രീലങ്കയും ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടിയ റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാത്രം അകലെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.

കറാച്ചി: പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്കരിക്കാനൊരുങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ പാകിസ്ഥാനെിരായ പരമ്പരയില്‍ നിന്ന് പിന്‍മാറാനൊരുങ്ങുന്നത്. പാകിസ്ഥാനിൽ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ച താരങ്ങള്‍ നാളെ റാവല്‍പിണ്ടിയില്‍ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തിൽ കളിക്കില്ലെന്ന നിലപാടിലാണ്. അതേസമയം, പര്യടനം ഉപേക്ഷിക്കരുതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനോട് പാക് ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷിച്ചു.

പാകിസ്ഥാനും ശ്രീലങ്കയും ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടിയ റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാത്രം അകലെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. സ്ഫോടനം നടന്നിട്ടും ആദ്യ ഏകദിന മത്സരം പൂര്‍ത്തിയാക്കിയെങ്കിലും ടീമിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ആശങ്കയറിച്ചിരുന്നു.കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ താരങ്ങള്‍ തുടര്‍ന്നാണ് പരമ്പര ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. അതിനിടെ പാക് ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വി ശ്രീലങ്കന്‍ താരങ്ങളെ അനുനയിപ്പിക്കാ ശ്രമം തുടങ്ങി.

ടീമിന് എല്ലാതരത്തിലുള്ള സുരക്ഷയും നല്‍കാമെന്ന് നഖ്‌വി വാഗ്ദാനം ചെയ്തെങ്കിലും ലങ്കന്‍ താരങ്ങള്‍ ഇതുവരെ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. പരമ്പര ബഹിഷ്കരിക്കരുതെന്ന് ആവശ്യപ്പെട്ട് നഖ്‌വി പാകിസ്ഥാനിലെ ശ്രീലങ്കന്‍ ഹൈക്കമീഷണറെയും കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. 2009ല്‍ പാകിസ്ഥാനില്‍ പര്യടനം നടത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ചാവേറാക്രമണം നടന്നിരുന്നു. അന്ന് കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയും അടക്കമുള്ള താരങ്ങള്‍ വെടിവെപ്പില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതിനുശേഷം ഒരു ദശാബ്ദത്തോളം മറ്റ് രാജ്യങ്ങള്‍ പാകിസ്ഥാനില്‍ കളിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് പാകിസ്ഥാനിലെത്തിയ വിദേശ ടീമുകള്‍ക്കെല്ലാം പ്രസിഡന്‍റ് തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് നല്‍കുന്നത്.

പാകിസ്ഥാന്‍-ശ്രീലങ്ക ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പ് ഇസ്ലാമാബാദിലുണ്ടായി കാര്‍ ബോംബാക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. പാക് താലിബാന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക