2023ലാണ് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി മുംബൈ ഇന്ത്യൻസ് ടീമിലെത്തിയത്. മൂന്ന് സീസണുകളിലായി ആകെ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ഇടം കൈയന്‍ പേസറായ അര്‍ജ്ജുന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവക്കായി കളിക്കുന്ന ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്ലിലും മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ താരകൈമാറ്റത്തിലൂടെ അര്‍ജ്ജുന്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെ കൊടുത്ത് രഞ്ജി ട്രോഫിയില്‍ മുംബൈ നായകനായ ഷാര്‍ദ്ദുല്‍ താക്കൂറിനെ ടീമില്‍ തിരിച്ചെത്തിക്കാനാണ് മുംബൈ ശ്രമിക്കുന്നതെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇത് ഐപിഎല്‍ നിബന്ധനകള്‍ പ്രകാരമുള്ള താരകൈമാറ്റമായിരിക്കില്ലെന്നും പണം കൊടുത്ത് ഇരു ടീമുകളും പരസ്പര ധാരണപ്രകാരമുള്ള കൊടുക്കല്‍ വാങ്ങലായിരിക്കുമെന്നും ക്രിക് ബസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ലാണ് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി മുംബൈ ഇന്ത്യൻസ് ടീമിലെത്തിയത്. മൂന്ന് സീസണുകളിലായി ആകെ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ഇടം കൈയന്‍ പേസറായ അര്‍ജ്ജുന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. മൂന്ന് വിക്കറ്റാണ് ഇതുവരെയുള്ള നേട്ടം. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് അര്‍ജ്ജുനെ മുംബൈ റിലീസ് ചെയ്തിരുന്നെങ്കിലും താരലേലലത്തില്‍ 30 ലക്ഷം രൂപക്ക് തിരിച്ചു പിടിക്കുയും ചെയ്തു.

എന്നാല്‍ ഷാര്‍ദ്ദുലിനെ കഴിഞ്ഞ വര്‍ഷത്തെ താരലേലത്തില്‍ മുംബൈ ഉള്‍പ്പെടെ ഒരു ടീമും ലേലത്തില്‍ ടീമിലെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീട് ലക്നൗ പേസര്‍ മൊഹ്സിന്‍ ഖാന് പരിക്കേറ്റതോടെയാണ് ഷാര്‍ദ്ദുല്‍ പകരക്കാരനായി ലക്നൗ ടീമിലെത്തിയത്. ലക്നൗവിനായി 10 മത്സരങ്ങളില്‍ 13 വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദ്ദുല്‍ ഈ രഞ്ജി സീസണില്‍ മുംബൈയുടെ നായകനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിലെത്തിയെങ്കിലും അവസരം ലഭിക്കാത്തതിനെ തുടര്‍ന്നും പ്രതീക്ഷകളുടെ സമ്മര്‍ദ്ദവും മൂലം അര്‍ജ്ജുന്‍ രണ്ട് സീസണ്‍ മുമ്പെ ഗോവയ്ക്കായി കളിക്കാന്‍ കരാറിലെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക