സഞ്ജുവിലെ പ്രതിഭയെക്കുറിച്ച് നമ്മളെല്ലാവരും പറയാറുണ്ട്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത് എന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീറിന്‍റെ അഭിപ്രായം.

മുംബൈ: ഇടവേളക്കുശേഷം ഇന്ത്യന്‍ ടി 20 ടീമില്‍ തിരിച്ചെത്തുകയും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുകയും ചെയ്തിട്ടും അത് മുതലാക്കാനാവാഞ്ഞതില്‍ മലയാളി താരം സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്കറും ഗൗതം ഗംഭീറും. ശ്രീലങ്കക്കെതിരായ ഒന്നാം ടി20യില്‍ സൂര്യകുമാര്‍ യാദവ് പുറത്തായശേഷം നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായിരുന്നു.

മൂന്ന് റണ്ണെടുത്തു നില്‍ക്കെ സിക്സടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറി ലൈനില്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട സഞ്ജു ധനഞ്ജയ ഡിസില്‍വയുടെ പന്തില്‍ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച് ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കി മടങ്ങി. ഇതിന് പിന്നാലെയാണ് കമന്‍ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇത്തവണ ലീഡിംഗ് എഡ്ജ് ഷോര്‍ട്ട് തേര്‍ഡ് മാനിലേക്ക് പോയി. മികച്ച കളിക്കാരനാണ് സഞ്ജു. ഇത്രയും പ്രതിഭാശാലിയായ സഞ്ജുവിന്‍റെ ഷോട്ട് സെലക്ഷനാണ് അദ്ദേഹത്തെ പലപ്പോഴും ചതിക്കുന്നതെന്നും ഒരു അവസരത്തില്‍ കൂടി സഞ്ജു നിരാശപ്പെടുത്തിയെന്നും ഗവാസ്കര്‍ പറഞ്ഞു.

അനായാസ ക്യാച്ച് കൈവിട്ട് സഞ്ജു, എല്ലാം ഒരു നോട്ടത്തിലൊതുക്കി ഹാര്‍ദ്ദിക്, യഥാര്‍ത്ഥ നായകനെന്ന് ആരാധകര്‍

സഞ്ജുവിലെ പ്രതിഭയെക്കുറിച്ച് നമ്മളെല്ലാവരും പറയാറുണ്ട്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത് എന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീറിന്‍റെ അഭിപ്രായം. റിഷഭ് പന്തിനോ ഇഷാന്‍ കിഷനോ നിരാശപ്പെടുത്തുമ്പോള്‍ വിമര്‍ശിക്കാന്‍ മുതിരാത്ത ഗവാസ്കര്‍ മുമ്പും സഞ്ജുവിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ബാറ്റിംഗിലെ നിരാശക്കൊപ്പം കളിയുടെ തുടക്കത്തില്‍ സ‌ഞ്ജു ഫീല്‍ഡിംഗിലും നിരാശപ്പെടുത്തിയിരുന്നു.

ശ്രീലങ്കന്‍ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പാതും നിസങ്ക നല്‍കിയ അനായാസ ക്യാച്ച് ഡൈവ് ചെയ്തെടുക്കാനുള്ള ശ്രമത്തില്‍ സഞ്ജു കൈവിട്ടിരുന്നു. ഒരു റണ്ണെടുത്ത നിസങ്കയെ പിന്നീട് ശിവം മാവി ക്ലീന്‍ ബൗള്‍ഡാക്കി. വീഴ്ചയില്‍ കാല്‍ മുട്ടിന് പരിക്കേറ്റ സഞ്ജു നാളെ പൂനെയില്‍ നടക്കുന്ന രണ്ടാം ടി20യില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.